ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളിൽ ഗൂഗിളിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സൗജന്യ വൈഫൈയ്ക്ക് ഇനി മുതൽ നിയന്ത്രണം ഏർപ്പെടുത്തും . അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സമയപരിധി 30 മിനിറ്റായി കുറച്ചു . അതേസമയം, ഗൂഗിൾ സ്റ്റേഷൻ വൈഫൈയ്ക്ക് പണം ഈടാക്കാനും തുടങ്ങിയിട്ടുണ്ട്.
പണം ഈടാക്കിയുള്ള സർവീസ് മുംബൈ സെന്ററൽ സ്റ്റേഷനിൽ തുടങ്ങിയെന്നാണ് അറിയുന്നത്. കൃത്യം രണ്ടു വർഷം മുൻപാണ് മുംബൈ സ്റ്റേഷനിൽ ഗൂഗിളിന്റെ വൈഫൈ സ്ഥാപിച്ചത് . 2016 ൽ കേവലം 53 സ്റ്റേഷനുകളിൽ തുടങ്ങിയ പദ്ധതി ഈ വർഷം അവസാനത്തോടെ 400 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം . കഴിഞ്ഞ മാസം 22 സ്റ്റേഷനുകളിൽ കൂടി ഇന്റർനെറ്റ് കണക്ഷൻ സ്ഥാപിച്ചു .
റെഡിറ്റ് യൂസറുടെ റിപ്പോർട്ട് പ്രകാരം ഗൂഗിൾ സ്റ്റേഷൻ ഇന്റർനെറ്റിന് 24 മണിക്കൂറിന് 19 രൂപയും ഒരു ആഴ്ചത്തേക്ക് 149 രൂപയുമാണ് ഈടാക്കുന്നത് . അതേസമയം, അതിവേഗ ഡേറ്റ ഉപയോഗിക്കാനുള്ള സമയം ഒരു മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറച്ചു .
രാജ്യത്ത് ഇതുവരെ 75 ലക്ഷം പേർ ഗൂഗിള്‍ സ്റ്റേഷൻ വഴി ഇന്റര്‍നെറ്റ് ഉപയോഗിച്ചു എന്നാണ് കണക്ക് . നിലവിൽ 227 സ്റ്റേഷനുകളില്‍ ഗൂഗിൾ വൈഫൈ ലഭ്യമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക