‘ഹിമാലയൻ സ്ലീറ്റ്’ പരിമിതകാല പതിപ്പ് റോയൽ എൻഫീൽഡ് വിപണിയിലിറക്കി. ചെന്നൈയിലെ നിരത്തിലെത്തുമ്പോൾ 2.12 ലക്ഷം രൂപയാണു ബൈക്കിന്റെ പ്രാരംഭ വില. ഓൺലൈൻ വഴി മാത്രമാണ് ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കെത്തുന്നത്; വെറും 500 യൂണിറ്റ് മാത്രമാണു വിപണിയിലിറക്കുകയെന്നും ഐഷർ ഗ്രൂപ്പിൽപെട്ട റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
‘ഹിമാലയൻ സ്ലീറ്റി’നുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഈ മാസം 30 വരെയാണ് കമ്പനി സ്വീകരിക്കുക. തുടർന്നാവും വിൽപ്പന സജീവമാകുക. ജനുവരി 30ന് ബുക്കിങ് തുകയായ 5,000 രൂപ അടയ്ക്കുന്ന 500 പേർക്കാവും ‘ഹിമാലയൻ സ്ലീറ്റ്’ വാങ്ങാൻ അവസരം ലഭിക്കുക.
മഞ്ഞു പുതച്ച ഹിമാലയൻ മലനിരകളിൽ നിന്നു പ്രചോദിതമായി ബൈക്കിൽ മാറ്റ് ഗ്രേ നിത്തിലുള്ള ആംഗുലർ കമോഫ്ളാഷ് പാറ്റേണാണു ‘ഹിമാലയൻ സ്ലീറ്റ്’ പ്രത്യേക പതിപ്പിനു നിർമാതാക്കൾ തിരഞ്ഞെടുത്തിരിക്കുന്നത്. അലുമിനിയം കൂടകൾ, അവ ഘടിപ്പിക്കാനുള്ള റയിൽ, ക്രോസ് ബ്രേസ് സഹിതം അലൂമിനിയം ഹാൻഡ്ൽ ബാർ തുടങ്ങിയ ഉൾപ്പെടുന്ന ‘എക്സ്പ്ലോറർ’ കിറ്റ് സഹിതമാണു ‘ഹിമാലയൻ സ്ലീറ്റി’ന്റെ വരവ്. ഈ ‘എക്സ്പ്ലോറർ’ കിറ്റും 30 മുതൽ വിപണിയിൽ ലഭ്യമാവുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്; വിൽപ്പന ആരംഭിക്കുന്ന മുറയ്ക്കാവും കിറ്റിന്റെ വില പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക