അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് രാവിലെയാണ് മിസൈല്‍ വിക്ഷേപിച്ചത്. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വരെ എത്താന്‍ കഴിയുന്നതും, ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതുമായ മിസൈലാണ് വിക്ഷേപിച്ചത്.
അഗ്‌നി ശ്രേണിയില്‍പ്പെടുന്ന ദീര്‍ഘദൂര മിസൈലിലെ അഞ്ചാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്. 2012 ഏപ്രില്‍ 19നായിരുന്നു ആദ്യ പരീക്ഷണം. 2013, 2015, 2016 വര്‍ഷങ്ങളില്‍ മൂന്നു പരീക്ഷണങ്ങളും നടന്നിരുന്നു.
17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള മിസൈലിന് 50 ടണ്‍ ആണ് ഭാരം. ഒരു ടണ്ണിലേറെ ഭാരമുള്ള അണ്വായുധങ്ങള്‍ യുദ്ധമുഖത്ത് എത്തിക്കാന്‍ ശേഷിയുള്ളതുമാണ് അഗ്‌നി -5 മിസൈല്‍. 5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള അഗ്‌നി-5 വിക്ഷേപണം വിജയകരമായെന്നും എല്ലാ ഘട്ടങ്ങളും തൃപ്തികരമായ രീതിയിലാണ് പിന്നിട്ടതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് അറിയിച്ചു. മിസൈല്‍ വിക്ഷേപണം വിജയകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും സ്ഥിരീകരിച്ചു.
അഗ്‌നി വിഭാഗത്തില്‍ നിലവില്‍ ഇന്ത്യയ്‌ക്ക് അഞ്ച് മിസൈലുകളാണ് ഉള്ളത്. അഗ്‌നി-3 വരെയുള്ളവ പാക്കിസ്ഥാനെ ലക്ഷ്യമാക്കിയാണ് വികസിപ്പിച്ചതെങ്കില്‍ അഗ്‌നി-4, അഗ്‌നി-5 എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക