വിവാദങ്ങള്‍ക്കിടെ പത്മാവത് ഇന്ന് തിയേറ്ററുകളിലെത്തും. ദീപിക പദുകോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതും രജ്പുത് സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ച് രജ്പുത് കർണിസേനയാണ് സിനിമക്കെതിരെ രംഗത്തെത്തിയത്. സിനിമ പ്രദർശനം തടയാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നെങ്കിലും റിലീസിങ്ങ് അനുവദിക്കില്ലെന്ന നിലപാടിലാണ് കർണിസേന. രാജസ്ഥാനിലടക്കം റിലീസിങ്ങ് അനിശ്ചിതത്വത്തിലാണ്. സിനിമാ റിലീസിനോടനുബന്ധിച്ച് ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നതിെൻറ ഭാഗമായി കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് സിനിമക്ക് എതിരായ പ്രതിഷേധം അക്രമാസക്തമായത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് ആക്രമിച്ചു. നിരവധി വാഹനങ്ങളും മള്‍ട്ടിപ്ലക്സുകളും തകര്‍ത്തു. നിരോധനാജ്ഞ ലംഘിച്ചെത്തിയ കര്‍ണിസേന പ്രവര്‍ത്തകര്‍ പ്രധാന പാതകളിലെ ഗതാഗതം തടസ്സപ്പെടുത്തി. ഹരിയാനയിലെ അക്രമ സംഭവങ്ങളില്‍ മുപ്പതോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതിഷേധം ശക്തമായതോടെ രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യവ്യാപകമായി 4800 ഓളം കേന്ദ്രങ്ങളിലാണ് പത്മാവത് സിനിമ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചില കേന്ദ്രങ്ങളില്‍ ചിത്രത്തിെൻറ പ്രിവ്യു പ്രദര്‍ശനം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക