പാലക്കാട്: മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ തുണിക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീന്റ മകനുമായ സഫീറാണ് (23) മരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സഫീറിന്റ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്ക് ജെന്‍ഡ്സ് ഷോപ്പിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. ഇവര്‍ ഓടിരക്ഷപ്പെട്ടു. സഫീര്‍ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകനാണ്. പരിക്ക് ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പൊലീസ് കാവലേര്‍പ്പെടുത്തി. യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സി.പി.ഐ-മുസ്ലിം ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. നേരത്തേ സഫീറിന്റ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവമുണ്ടായിരുന്നു. കുന്തിപ്പുഴ നമ്ബിയന്കുന്ന് സ്വദേശികളായ മൂന്നുപേരാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read : പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് ചുട്ടു കൊന്നു; സംഭവം തിരുവനന്തപുരത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക