തക്കാളി കൃഷിക്ക് അല്പം ശ്രദ്ധ കൊടുത്താൽ വൻ വിജയമാക്കാം. അതിനായി തുടക്കത്തിൽ തന്നെ നമ്മുക്ക് പരിചരിക്കാം. മണ്ണൊരുക്കുമ്പോള്‍ തന്നെ കുമ്മായം ചേർക്കണം. സെന്റിന് രണ്ടരക്കിലോഗ്രാം എന്നതോതില്‍ തടത്തിൽ മുകളിലെ ഒരടി മണ്ണുമായി കുമ്മായം യോജിപ്പിക്കുക.
കൂടാതെ നടീല്‍ അകലം രണ്ടടി, ജൈവവളം സെന്റൊന്നിന് നൂറ് കിലോഗ്രാം നല്‍കാം. അടിവളമായി അരക്കിലോഗ്രാം ഫാക്ടംഫോസും 150ഗ്രാം പൊട്ടാഷും നല്‍കണം. തക്കാളി വിത്ത് ഇരട്ടി സ്യൂഡോമോണാസുമായി പുരട്ടി അര മണിക്കൂർ വെച്ചതിന് ശേഷം വിതയ്ക്കുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കും. ശക്തി, മുക്തി, അനഘ എന്നിവ വാട്ടത്തെ ചെറുക്കുന്ന ഇനങ്ങളാണ്. പറിച്ചുനട്ട് ഒന്നാം മാസത്തിലും രണ്ടാം മാസത്തിലും നാല് ഗ്രാം ബോറാക്സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളില്‍ തളിക്കുന്നത് വെള്ളീച്ചയെ തുരത്തും. ഒപ്പം ഉത്പാദന വർദ്ധനവും ഉറപ്പിക്കാം.
എന്നാൽ ഒരു കാരണവശാലും തെങ്ങിന്റെ മടല് കത്തിച്ചവെണ്ണീര് ഇടരുത്. ചെടി വാടിപ്പോകും. രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും തടത്തില്‍ ഒഴിക്കുന്നതും വാട്ടരോഗത്തെ വരുതിയിലാക്കും. നട്ട് ഒരു മാസം കഴിഞ്ഞ് സെന്റിന് 250 ഗ്രാം ഫാക്ടംഫോസും 150 ഗ്രാം പൊട്ടാഷും മേല്‍വളമാക്കാം. പച്ചച്ചാണകം 100 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. വിളയവശിഷ്ടങ്ങള്‍, പച്ചിലകള്‍ എന്നിവകൊണ്ട് പുതയിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക