നമ്മുടെ അടുക്കളത്തോട്ടത്തിലെ സ്ഥിരം ഇനമാണ് കാന്താരി. പ്രത്യേക പരിചരണമൊന്നുമില്ലാതെ അടുക്കളപ്പുറത്ത് വളര്‍ന്നിരുന്ന കാന്താരിയുടെ ഗുണങ്ങള്‍ മലയാളി ശരിക്കും മനസിലാക്കിയിട്ടില്ല. ഒരു കിലോ കാന്താരി മുളകിന് ആയിരത്തിന് മുകളില്‍ വില വന്നത് ഞെട്ടലോടെയാണ് നാം കേട്ടത്. ഷുഗറും കൊളസ്ട്രോളും കുറയ്ക്കാനുള്ള കാന്താരിയുടെ കഴിവ് തിരിച്ചറിഞ്ഞതോടെ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണിതിന്.
വിറ്റാമിന്‍ സിയുടെ നല്ലൊരു കലവറയാണ് കാന്താരിമുളക്. രക്തത്തിലെ കൊളസ്ട്രോളിനെ ചെറുക്കനും ഇതിന് സാധിക്കുന്നു. അമിത കീടനാശിനികള്‍ പ്രയോഗിച്ച് ഇതരസംസ്ഥാനത്ത് നിന്നുമെത്തുന്ന പച്ചമുളകിന് പകരം കാന്താരി ഉപയോഗിക്കുന്നത് ആരോഗ്യത്തിനും രുചിക്കും ഏറെ നല്ലതാണ്.
കൃഷി രീതികള്‍
ഏതു കാലാവസ്ഥയിലും, എല്ലാ സമയത്തും കാന്താരി നടാം. നല്ലയിനം വിത്തുകള്‍ പാകി മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കി 40-60 സെ.മീ അകലത്തില്‍ നടണം. ചെറിയ വെയില് കിട്ടുന്ന സ്ഥലമാണെങ്കില്‍ നല്ലതാണ്. തൈകള്‍ നടുന്നതിനു മുമ്പ് സെന്റിന് 100 കിലോ ചാണകപ്പൊടിയും ്രൈടക്കോഡെര്മയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കണം. തൈകള്‍ നട്ട് 45 ദിവസം തണല്‍ കൊടുത്ത് ആവശ്യത്തിന് നനവും കൊടുക്കണം. തൈകള്‍ പറിച്ചു നട്ട് ഒന്നര മാസമാകുമ്പോള്‍ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, കോഴിക്കാഷ്ടം, വെര്‍മികമ്പോസ്റ്റ് ഇതിലേ തെങ്കിലും ഒന്ന് ചുവട്ടില്‍ ഇട്ടു മണ്ണ് കൂട്ടി കൊടുക്കണം. മുളക് പഴുക്കാതെ പച്ചമുളകായി തന്നെ വിളവെടുത്താല്‍ കൂടുതല്‍ വിളവ് ലഭിക്കും. വിത്തിനു വേണ്ടവ മാത്രം പഴുക്കാന്‍ നിര്‍ത്താം.
രോഗ കീട നിയന്ത്രണം
മുളകിനെ ബാധിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം ഇലകള്‍ ചുരുളുന്നതും മുരടിക്കുന്നതുമാണ്. ഇതിനെ ചെറുക്കുന്നതിനായി വെള്ളം ഇലകളില്‍ ശക്തിയായി സ്പ്രേ ചെയ്യുകയോ, കഞ്ഞി വെള്ളം തളിക്കകയോ ചെയ്യാം. 5 % വീര്യമുള്ള വേപ്പിന്‍കുരു സത്ത് രണ്ടാഴ്ച ഇടവിട്ട് ചെടികളില്‍ തളിക്കാം, ഇത് മണ്ഡരികളെ നിയന്ത്രിക്കാന്‍ സഹായിക്കും. പുകയില കഷായം ഒഴിച്ച് ഇലപ്പേനുകളെ നശിപ്പിക്കാവുന്നതാണ്. ചില ചെടികളില്‍ വൈറസിന്റെ ആക്രമണം കാണാം ഇത്തരം ചെടികള്‍ പറിച്ച് കുഴിച്ചിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക