ഇപ്പോൾ വേനൽക്കാലമാണ്. പുറത്തിറങ്ങാൻ തന്നെ പലർക്കും മടിയാണ്. എന്നാൽ വീട്ടിന്റെ ഉള്ളിലും അവസ്ഥ ഒരുപോലെയാണ് ഇപ്പോൾ. പരമ്പരാഗത ഭവന നിർമ്മാണ ശൈലിയിൽ നിന്നും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് കുടിയേറിയതോടെ പുറത്തുള്ളതിനേക്കാൾ ചൂട് വീടിനകത്താണ്.
എന്നാൽ വീട് നിർമ്മിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പ്ലാൻ ചെയ്താൽ ചൂടിനെ നിസാരമായി ഒഴിവാക്കാൻ കഴിയാവുന്നതേയുള്ളു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകൾ വരാതെ വീടിന്റെ കാർപോർച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയിൽ ക്രമീകരിക്കണം.
ചുമരിന് പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ വരാന്തകൾ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗമാണ്. പരന്ന മേൽക്കൂരകളേക്കാൾ ചെരിഞ്ഞ മേൽക്കൂരകളാണ് ചൂടിനെ തടയാൻ നല്ലത്.
അതുപോലെ തറയിൽ ടൈലുകൾ പതിക്കുന്നത് മുറിയിൽ ചൂട് നിറയ്ക്കും. അതുകൊണ്ട് തന്നെ ഫ്ലോറിംഗിൽ പ്രകൃതിദത്തമായ രീതി പരീക്ഷിക്കുന്നതും ഗുണകരമാണ്. തറയോടുകൾ പാകുന്ന രീതി ഇന്ന് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.
വീട്ടുമുറ്റത്ത് മനോഹരവർണങ്ങളിൽ ഇന്റർലോക്കുകൾ പതിക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ വീടിനകത്തെ ചൂട് കൂട്ടാൻ ഇതിനേക്കാൾ വലിയ വില്ലൻ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. വീട്ടുമുറ്റത്ത് കോൺക്രീറ്റ് പാകുന്നതോടെ മഴവെള്ളത്തിന് ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാതിരിക്കുകയും വേനൽക്കാലമാകുന്നതോടെ വീടിന് ചൂട് കൂടാൻ കാരണമാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക