ഇന്ന് പച്ചക്കറികളുടെ കൂട്ടത്തില്‍ പ്രകൃതിചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കുമ്പളം. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും നാരുകളുമാണ് കുമ്പളത്തിന്റെ വിജയരഹസ്യം. കുമ്പളം കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ് മെയ്-ആഗസ്ത് മാസങ്ങൾ.
10 സെന്റിലുള്ള കുമ്പളം കൃഷിയില്‍നിന്ന് ഒന്നര ടണ്‍ വിളവ് വരെ പ്രതീക്ഷിക്കാം. രണ്ടടി വലുപ്പവും ഒന്നരയടി ആഴവും ഉള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം. 10 സെന്റിലേക്ക് അര ടണ്‍ ചാണകം മതിയാകും. കുഴിയൊന്നിന് അഞ്ചു വിത്തുവരെ പാകാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം ഒരു തടത്തില്‍ മൂന്നു തൈ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പാഴും ചാണകവളമോ മണ്ണിരകമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി 10 ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവു കൂട്ടുന്നതായി കണ്ടിട്ടുണ്ട്.
ചെടികള്‍ പടര്ന്നുതുടങ്ങുമ്പോഴേക്കും ഓല, പച്ചിലച്ചവറുകള് എന്നിവ വിരിച്ചുകൊടുക്കണം. അതുപോലെ ജൈവകീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാറിന്റെയും മിശ്രിതം 10 ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക