ഇന്ന് വീട്ടിലിരുന്നുതന്നെ ജോലി ചെയ്യാനും നല്ല വരുമാനം നേടാനും സാധിക്കുന്ന നിരവധി മേഖലകളുണ്ട്. അല്പം ശ്രമിച്ചാല്‍ ശരിയായ പരിശീലനം നേടിയാല്‍ ആരുടെയും മുന്നില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന സുന്ദരരൂപങ്ങള്‍ വിരല്‍ത്തുമ്പില്‍ നിന്നും പിറക്കുമെന്നു തിരിച്ചറിയുക. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്നുതന്നെ വിപണി കണ്ടെത്താനുമാകും. ഇത്തരത്തിൽ ചെയ്യാൻ കഴിയുന്ന ജോലികൾ എന്താണെന്ന് നോക്കാം.
സാരി ഡിസൈനിംഗ്:
അല്പം കലാരുചിയും താത്പര്യവും ഉത്സാഹവും ഉള്ള ആര്‍ക്കും മികച്ച സാരി ഡിസൈനറാവാം. സ്വന്തമായി സാരികള്‍ ഡിസൈന്‍ ചെയ്ത് എല്ലാവരുടെയും ശ്രദ്ധകവരാം. മാത്രവുമല്ല വീട്ടിലിരുന്നു തന്നെ മനസിനിഷ്ടപ്പെട്ട ജോലി ചെയ്തു മികച്ച വരുമാനം നേടുകയുമാവാം. വരയ്ക്കാനറിയാത്തവര്ക്കും സാരി ഡിസൈനറാകാം. സാരി വാങ്ങി അതില്‍ പല വര്‍ക്കുകള്‍ ചെയ്ത് ഡിസൈന്‍ ചെയ്യുന്നതാണിത്. ബോര്‍ഡറുള്ളതോ ഇല്ലാത്തതോ ആയ സാരി ഇതിനുപയോഗിക്കാം.
150 രൂപയുടെ നല്ല സാരി വാങ്ങി സീക്വന്‍സ്, സ്റ്റോണ്‍, സര്‍ദോസി വര്‍ക്കുകള്‍ ചെയ്തെടുക്കുന്ന ഡിസൈനര്‍ സാരികള്‍ മൂല്യവര്‍ധിതമായി വില്പന നടത്താനുമാകും. മാറുന്ന ട്രെന്‍ഡുകളേക്കുറിച്ചുള്ള അറിവുമുണ്ടെങ്കില്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാവുന്ന സംരംഭമാണിത്. സ്വന്തമായി സാരി ഡിസൈന്‍ ചെയ്തു ഫേസ് ബുക്കിലൂടെ സാരി വില്പന നടത്തി നല്ല മാസവരുമാനം നേടുന്ന സ്ത്രീകള്‍ ഉണ്ട്.
പോട്ട് ആര്‍ട്ട് വര്‍ക്ക്:
ഇന്റീരിയര്‍ ഡിസൈനിംഗിനു പ്രാധാന്യം വര്‍ധിക്കുന്ന ഇക്കാലത്തു പോട്ട് ആര്ട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. ചെയ്യുന്ന ആളുടെ ഭാവനയ്ക്കനുസരിച്ച് കറിച്ചട്ടി മുതല്‍ എത്രചെറുതും മനോഹരവുമായ മണ്‍പാത്രങ്ങളെയും അതിമനോഹരമായ കലാശില്പങ്ങളാക്കി മാറ്റാന്‍ സാധിക്കും. വരയ്ക്കേണ്ട കലാരൂപത്തിന് അനുയോജ്യമായ കളിമണ്‍ പാത്രം തെരഞ്ഞെടുക്കണം. ആവശ്യമെങ്കില്‍ ഡിസൈന്‍ പറഞ്ഞുകൊടുത്തു കളിമണ്‍പാത്രം നിര്‍മിച്ചെടുക്കണം. ചെറിയ പാത്രങ്ങളില്‍ വരയ്ക്കാന്‍ സാധിക്കുന്ന ചിത്രങ്ങളും കൂജയോ കുടമോ പോലുള്ളവയില്‍ വരയ്ക്കാന്‍ പറ്റുന്ന ചിത്രങ്ങളും പ്രകൃതിദൃശ്യങ്ങളുമുണ്ട്. അതിനാല്‍ പാത്രങ്ങളുടെയും ചിത്രങ്ങളുടെയും തെരഞ്ഞെടുപ്പ് പ്രധാനമാണ്.
കളിമണ്‍ പാത്രം വാങ്ങി സാന്‍ഡ് പേപ്പറുപയോഗിച്ച് നന്നായി ഉരയ്ക്കണം. ചെറിയ തരികളും മറ്റു പൊടികളും കളഞ്ഞ് മിനുസമുള്ളതാക്കിയെടുക്കണം. പിന്നീട് നന്നായി കഴുകി ഉണക്കിയെടുക്കണം. ഉണങ്ങിയ പോട്ടില്‍ നേരിട്ടു പെയിന്റ് ചെയ്യരുത്. പെയിന്റ് പെട്ടെന്ന് ഉണങ്ങി വരണ്ടുപോകാന്‍ സാധ്യതയുണ്ട്. പെയിന്റ് ചെയ്യുന്നതിനു മുമ്പ് പോട്ട് വെള്ളത്തില്‍ മുക്കിയെടുത്താല്‍ ഈ പ്രശ്നമുണ്ടാകില്ല. മഞ്ഞ കാര്‍ബണ്‍ പേപ്പറുപയോഗിച്ച് വരയ്ക്കേണ്ട ചിത്രം പോട്ടില്‍ പകര്‍ത്തണം. ഇതില്‍ ഇഷ്ടാനുസരണം കലാപരമായി പെയിന്റു ചെയ്യാം.
പെയിന്റ് ചെയ്തതിനു ശേഷം വേണമെങ്കില്‍ സെറാമിക് ഇലയും പൂക്കളും ഉണ്ടാക്കി ഒട്ടിച്ചു വയ്ക്കാനും കഴിയും. മുന്തിരിച്ചെടിയും പഴങ്ങളും, വിവിധ തരത്തിലുള്ള പഴവര്‍ഗങ്ങള്‍, പൂക്കള്‍ എന്നിവയെല്ലാം കളിമണ്പാത്രത്തിനു മുകളില്‍ നിര്‍മിച്ചെടുക്കാനാവും.
ചോക്കുപൊടി അല്ലെങ്കില്‍ ക്ലേ പൗഡര്‍ ഫെവിക്കോളുപയോഗിച്ചു നന്നായി കുഴയ്ക്കണം. ഇഷ്ടമുള്ള ആകൃതിയുണ്ടാക്കി പോട്ടില്‍ ഒട്ടിച്ചുവയ്ക്കാം. നന്നായി ഉണങ്ങിക്കഴിഞ്ഞ് ഇതു പെയിന്റ് ചെയ്യണം. മനോഹരമായ പോട്ട് റെഡി. പെയിന്റ് ഉണങ്ങിയതിനു ശേഷം ക്ലിയര്‍ വാര്‍നിഷ് അടിക്കണം. കൂടുതല്‍ തിളക്കവും ഭംഗിയുമുണ്ടാകും. മാത്രമല്ല പിന്നീടു കഴുകി വൃത്തിയാക്കിയാലും പെയിന്റ് ഇളകിപ്പോകില്ല.
3ഡി ഗ്ലാസ് പെയിന്റിംഗ്:
ഫ്രെയിം ചെയ്തു കഴിയുമ്പോള്‍ 3ഡി ചിത്രങ്ങളുടെ തോന്നലുണ്ടാക്കുന്ന ഗ്ലാസ് പെയിന്റിംഗുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഏറ്റവും കുറഞ്ഞത് മൂന്ന് ഗ്ലാസുകളെങ്കിലും ഉപയോഗിച്ചാണ് ഇത്തരം 3ഡി പെയിന്റിംഗുകള്‍ നിര്‍മിക്കുന്നത്. ഏറ്റവും അടുത്തു കാണേണ്ട കാഴ്ചകള്‍ ആദ്യത്തെ ഗ്ലാസില്‍, കുറച്ചകലെയായി കാണുന്നവ രണ്ടാമത്തെ ഗ്ലാസില്‍, ഏറ്റവും വിദൂരതയില്‍ കാണേണ്ടവ (ആകാശം, മലകളും കുന്നുകളും മുതലായവ) മൂന്നാമത്തെ ഗ്ലാസില്‍ എന്നവിധം പെയിന്റു ചെയ്തു മൂന്നും ഒരുമിച്ച് ഫ്രെയിം ചെയ്തെടുക്കണം. ഫലത്തില്‍ ശരിക്കും ഒരു 3ഡി ചിത്രം പോലെയുണ്ടാകുമത്.
അതുപോലെ എളുപ്പം ചെയ്യാന്‍ കഴിയുന്നതും മികച്ചവരുമാനം നേടാന്‍ സാധിക്കുന്നതുമായ ചില ഹോബികളുണ്ട്. കൊളാഷ് വര്‍ക്ക്, ടൈല്‍ വര്‍ക്ക്, സില്‍വര്‍ ത്രെഡ് വര്‍ക്ക്, ടെഡി ബെയര്‍ നിര്‍മാണം, ആപ്ലിക് വര്‍ക്ക്, മെഴുകുകൊണ്ടുള്ള ഉത്പന്നങ്ങള്‍, കളിമണ്ണും പേപ്പറും ലോഹവും ഉപയോഗിച്ചുള്ള ആഭരണ നിര്‍മാണം. ഇവയെല്ലാം ഒരേ സമയം ഹോബിയും വരുമാനമാര്‍ഗവുമാണ്.
സില്‍വര്‍ ത്രെഡ് വര്‍ക്ക്
വെള്ളിത്തിളക്കമുള്ള കലാരൂപങ്ങള്‍ രൂപപ്പെടുത്തുന്ന കലയാണ് സില്‍വര്‍ ത്രെഡ് വര്‍ക്ക്. വെള്ളിക്കമ്പികള്‍ ഉപയോഗിച്ച് പക്ഷിരൂപങ്ങളും പ്രകൃതിദൃശ്യവും മറ്റു ചിത്രങ്ങളും ഒരുക്കാന്‍ സാധിക്കും. കറുത്ത പ്രതലത്തില്‍ സില്‍വര്‍ കമ്പികളുപയോഗിച്ചാണ് രൂപങ്ങള്‍ തയ്യാറാക്കുന്നത്.
ആവശ്യമുള്ള അളവില്‍ കട്ടികുറഞ്ഞ കാഡ്ബോര്‍ഡ് ഷീറ്റ് മുറിച്ചെടുക്കണം. കറുത്ത കോണ്‍ തുണി വാങ്ങി അതില്‍ നിര്‍മിക്കേണ്ട ചിത്രം മഞ്ഞയോ വെള്ളയോ കാര്‍ബണ്‍ പേപ്പറുപയോഗിച്ച് പതിപ്പിക്കുക. ഇങ്ങനെ ചിത്രം വരച്ചതിനു ശേഷം തുണി കാഡ്ബോര്‍ഡ് ഷീറ്റിലേക്ക് പശയുപയോഗിച്ച് ഒിക്കണം.
ഉണങ്ങിയതിനു ശേഷം കോമ്പസോ കട്ടിയുള്ള സൂചിയോ ഉപയോഗിച്ച് സുഷിരങ്ങളിടണം. ചിത്രത്തിനനുസരിച്ചായിരിക്കണം സുഷിരങ്ങളിടേണ്ടത്. ഈ സുഷിരത്തിലേക്ക് സുഷിരങ്ങളുടെ നീളത്തിനെക്കാള്‍ കുറച്ചുകൂടി നീളമുള്ള സില്‍വര്‍ കമ്പിയെടുത്ത് കോര്‍ത്ത് രണ്ടറ്റവും മറുപുറത്ത് മടക്കി വയ്ക്കുന്നു. ഇങ്ങനെ ചിത്രം മുഴുവന്‍ പൂര്‍ത്തിയാക്കി ഫ്രെയിം ചെയ്തെടുക്കണം.
സില്‍വര്‍ കമ്പിക്കു പകരം ഗോള്‍ഡന്‍ കമ്പികള്‍ ഉപയോഗിച്ചും ഇതിന്റെ കൂടെ സ്പ്രേ പെയിന്റ് സീക്വന്‍സ് വര്‍ക്കുകള്‍ മുതലായവയും പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ അഭിരുചിക്കനുസരിച്ച് സില്‍വര്‍ ത്രെഡ് കൊണ്ട് വളരെയേറെ വ്യത്യസ്തവും മനോഹരവുമായ കലാരൂപങ്ങള്‍ നിര്‍മിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക