അക്വേറിയം മത്സ്യങ്ങൾക്ക് ജൈവാഹാരവും കൃത്രിമാഹാരവുംനൽകാം . ജൈവഭക്ഷ്യ വസ്തുക്കളുടെ കുറവും ശേഖരിക്കാനുള്ള ബുദ്ധിമുട്ടും കാരണം അക്വേറിയം പരിപാലിക്കുന്നവർക്ക് എപ്പോഴും ഇവയെ ആശ്രയിക്കാൻ സാധിക്കുകയില്ല. ഇക്കാരണത്താൽ കൃത്രിമാഹാരം ഉപയോഗിക്കേണ്ടതായി വരുന്നു.
ഈ മീനുകൾക്ക് നൽകുന്ന ആഹാരം പോഷകസമൃദ്ധമാകാൻ പ്രത്യേകം ശ്രദ്ധിക്കണം ഇല്ലെങ്കിൽ രോഗങ്ങൾക്ക് കാരണമാകും. ഇതിനാൽ തന്നെ മീനുകൾക്ക് ജൈവ ആഹാരം പോലെ സുരക്ഷിതമായുള്ള കൃത്രിമാഹാരവും തയാറാക്കാം.
കൃത്രിമ തീറ്റ ഉണ്ടാക്കുന്ന വിധം
250 ഗ്രാം ഉപ്പു ചേർക്കാതെ ഉണക്കിയ മീന്‍ അഥവാ ചെമ്മീന്‍ പൊടി, 200 ഗ്രാം കടലപ്പിണ്ണാക്ക്, 200 ഗ്രാം തവിട് , 150 ഗ്രാം ഗോതമ്പ് പൊടി, 20 ഗ്രാം മരച്ചീനി പൊടി , 2 കോഴിമുട്ട എന്നിവ ഒരുമിച്ച് ചേർത്ത് ആവശ്യമായ അളവിൽ വെള്ളം ചേർത്ത് ചപ്പാത്തി ഉണ്ടാക്കാൻ ചെയ്യുന്നത് പോലെ നന്നായി കുഴച്ചെടുക്കുക.
കുഴച്ചെടുത്ത മാവ് പ്രഷർ കുക്കറിൽ വേവിക്കുക.
തണുത്ത ശേഷം 10 മി.ലി മീനെണ്ണയും രണ്ട് മൾട്ടി വിറ്റമിന്‍ ഗുളികകളും ചേർത്ത് വീണ്ടും നന്നായി കുഴക്കുക.കുഴച്ച മാവിനെ സേവനാഴി ഉപയോഗിച്ച് അനുയോജ്യമായ അരിപ്പയിലൂടെ പിഴിഞ്ഞെടുത്ത് നന്നായി ഉണക്കിയെടുക്കുക.
ഇപ്രകാരം ലഭിക്കുന്ന തീറ്റ വായുകടക്കാത്ത സംഭരണികളിലിട്ട് മൂന്ന് മാസത്തോളം ഉപയോഗിക്കാം.
ചെമ്മീന്പൊടിയിലെ കൈറ്റിന് അലങ്കാര മത്സ്യങ്ങളിൽ വർണ്ണപൊലിമ ഉണ്ടാക്കാൻ സഹായിക്കുന്നതിനാൽ മീൻ പൊടി ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ കൂടെ അൽപമെങ്കിലും ചെമ്മീൻ പൊടി ചേർക്കുന്നത് ഉചിതമായിരിക്കും. ഇത്തരത്തിൽ അലങ്കാര മത്സ്യത്തിന് ആവശ്യമായ കൃത്രിമ തീറ്റ സ്വയം ഉണ്ടാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക