ലോകം മുഴുവൻ ഫുട്ബോളിന്റെ ആവേശം അലയടിക്കുകയാണ്. ഫുട്ബോൾ താരങ്ങളെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമുള്ളത്.ആരാധകർക്കായി പ്രിയതാരങ്ങളുടെ പ്രണയവിശേഷങ്ങളിതാ..
ഫുട്ബോളിന്റെ മാത്രമല്ല അന്റോനെല്ലയുടെയും രാജകുമാരൻ
അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കർ ലയണൽ മെസ്സി ഫുട്ബോളിന്റെ മാത്രം രാജകുമാരനല്ല, ആളൊരു കിടിലം കാമുകൻ കൂടിയാണ്. മെസ്സിയുടെ പ്രണയം മൊട്ടിട്ടതോ അഞ്ചാം വയസിലും. കൂട്ടുകാരനായ ലൂക്കാസിന്റെ കസിൻ അന്റോനെല്ലയായിരുന്നു മെസ്സിയുടെ ബാല്യകാലസഖി. അന്റോനെല്ലയെ കാണാൻ വേണ്ടി മാത്രം കുഞ്ഞു മെസ്സി കൂട്ടുകാരന്റെ വീട്ടിൽ സ്ഥിരം സന്ദർശകനായി. കൂട്ടുകാരുമൊത്ത് കമ്പ്യൂട്ടർ ഗെയിം കളിക്കുന്ന മെസ്സിയെ കാണാൻ ഓരോ കാരണങ്ങളുണ്ടാക്കി അന്റോനെല്ലയും ലൂക്കസിന്റെ വീട്ടിലെത്തുമായിരുന്നു. ഇരുവരും തമ്മിൽ കത്തുകളും കൈമാറിയിരുന്നു. വളരുമ്പോൾ അന്റോനെല്ലയെ തന്റെ ഗേൾ ഫ്രണ്ടാക്കുമെന്ന് മെസ്സി കൂട്ടുകാരോട് പറയുമായിരുന്നു. പക്ഷെ വളർന്നപ്പോൾ രണ്ടു പേരും രണ്ടു വഴിക്കായി. അന്റോനെല്ല മറ്റൊരാളുമായി പ്രണയത്തിലാവുകയും ചെയ്തു. പക്ഷെ അന്റോനെല്ലയുടെ കാമുകൻ ഒരു വാഹനാപകടത്തിൽ മരിച്ചു. അവളെ ആശ്വസിപ്പിക്കാനായി മെസ്സി അവൾക്കരികിലേക്കെത്തി. അവിടന്ന് സൗഹൃദം വീണ്ടും പ്രണയമായി വളർന്നു.
മെസ്സിയുടെ പ്രണയം ലോകമറിഞ്ഞത് 2010 ൽ ഗർഭിണിയായ അന്റോനെല്ല മെസ്സിക്കൊപ്പം ഗാലറിയിലെത്തിയപ്പോഴായിരുന്നു. ഇരുവരുടെയും ആദ്യത്തെ കണ്മണി ആൺകുഞ്ഞാണ്.2015 ൽ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഈ വർഷം മൂന്നാമത്തെ കുഞ്ഞും ജനിച്ചു.
ക്രിസ്റ്റ്യാനോ ദി ഗ്രേറ്റ് ഫാദർ
അപ്രതീക്ഷിത നീക്കങ്ങൾ കൊണ്ട് എതിരാളികളെ എപ്പോഴും ഞെട്ടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതവും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. 2010ൽ തനിക്കൊരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നറിയിച്ച് ക്രിസ്റ്റ്യാനോ ആരാധകരെ ഞെട്ടിച്ചു. പക്ഷെ കുട്ടിയുടെ അമ്മയാരാണെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അവന്റെ മേലുള്ള പൂർണ്ണ അവകാശം തനിക്കാണെന്നും താരം പ്രഖ്യാപിച്ചു. മകന് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ എന്ന് പേരിടുകയും ചെയ്തു.
റഷ്യൻ മോഡലായ ഐറിന ഷെഖുമായി അഞ്ചു വർഷത്തോളം പ്രണയത്തിലായിരുന്നു ക്രിസ്റ്റ്യാനോ. ക്രിസ്റ്റ്യാനോയുടെ മകനോടും ഐറിന വളരെയധികം അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ വൈകാതെ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 2017 ൽ വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരവും ക്രിസ്റ്റ്യാനോ ആരാധകരെ അറിയിച്ചു. അഞ്ചു മാസങ്ങൾക്ക് ശേഷം കാമുകിയായ ജോർജിന റോഡ്രിഗസ് ക്രിസ്റ്റ്യാനോയുടെ പെൺക്കുഞ്ഞിന് ജന്മം നൽകി. ഇരുവരും നാല് മക്കളോടൊപ്പം സന്തോഷകരമായി ജീവിക്കുന്നു.
പ്രണയവും വേർപിരിയലും പരമ്പരയാക്കിയ നെയ്മർ
നെയ്മർക്ക് പ്രണയമോ? അതിനു നെയ്മർ കൊച്ചുകുട്ടിയല്ലേ എന്ന് സംശയിക്കുന്നവർ ഒന്നറിയണം. ആള് ആറ് വയസായ കുട്ടിയുടെ പിതാവാണ്. നെയ്മറിന്റെ മുൻകാമുകി കാരലിനാ ഡാന്റസിൽ ജനിച്ചതാണ് മെസ്സിയുടെ പുത്രൻ ഡേവി ലൂക്ക. ഇരുവരും പിന്നീട് വേർപിരിഞ്ഞെങ്കിലും കുട്ടിയിൽ രണ്ടാൾക്കും തുല്യ അവകാശമാണ്. വേർപിരിയലിന് ശേഷവും രണ്ടു പേരുടെയും ജീവിതം മുന്നോട്ട് പോയി. കാരലിന പുതിയ കാമുകനുമായി സന്തോഷമായി ജീവിക്കുന്നു. നെയ്മർ വീണ്ടും പ്രണയത്തിലായി. നടിയും മോഡലുമായ ബ്രൂണ മാർക്വസായിരുന്നു നെയ്മറിന്റെ പുതിയ കാമുകി. 2012 ൽ റിയോയിൽ നടന്ന കാർണിവലിലാണ് ഇരുവരും കണ്ടുമുട്ടിയത്. 2013 ൽ വേർപിരിഞ്ഞ ഇവർ വീണ്ടും 2014 ലോകകപ്പിന്റെ സമയത്ത് ഒരുമിച്ചു. പിരിയലും കൂടിച്ചേരലും സ്ഥിരം സംഭവമാക്കിയ ഇവർ 2016 ൽ ഒരുമിച്ചതിന് ശേഷം തൊട്ടടുത്ത വർഷം വീണ്ടും പിരിഞ്ഞു. 2018 ലോകകപ്പിൽ റഷ്യയിൽ വച്ച് നെയ്മർ പന്തുതട്ടുമ്പോൾ പ്രണയവുമായി വീണ്ടും ബ്രൂണ എത്തുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
ലോകകപ്പ്; നാല് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
പ്രതികരിക്കാൻ ഇവിടെ എഴുതുക