വിവാഹശേഷവും ബന്ധത്തിലെ പുതുമ എന്നെന്നും കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിലേറെപ്പേരും. എന്നാൽ പങ്കാളിയിൽ നിന്ന് വേണ്ടത്ര ശ്രദ്ധയും പരിഗണനയും കിട്ടാതെ വരുമ്പോൾ പ്രതീക്ഷകളസ്തമിക്കുകയും ദാമ്പത്യത്തിലെ പുതുമ നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ ദാമ്പത്യബന്ധത്തിൽ എന്നെന്നും പുതുമ കാത്തുസൂക്ഷിക്കാം.
എന്നും ആ മനസിനൊപ്പം സഞ്ചരിക്കാം
എപ്പോഴും പങ്കാളിയുടെ മനസ്സിനോടൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുക. പങ്കാളിക്ക് വേണ്ടത്ര കരുതൽ നൽകണം. ഇത് പങ്കാളിയുടെ മനസ്സിന് സന്തോഷം നൽകും. വീട്ടുകാര്യങ്ങളും ഓഫീസ് കാര്യങ്ങളും പരസ്പരം ചോദിച്ച് മനസിലാക്കുക. വളരെ സൗമ്യതയോടെ അവരുടെ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹത്തോടെയാണ് ഇത് ചെയ്യേണ്ടത്. തന്റെ ആവശ്യങ്ങളറിഞ്ഞ് കൂടെ നിലക്കാനൊരാളുണ്ടെന്ന തോന്നൽ ഇതുണ്ടാക്കും.
വഴക്കുകളാകാം എന്നാൽ അധികനേരം വേണ്ട
കുടുംബജീവിതത്തിൽ ചെറിയ ചെറിയ വഴക്കുകളുണ്ടാകുക സ്വഭാവികമാണ്. വഴക്കുകളേ ഇല്ലാത്ത കുടുംബത്തിൽ എന്തെങ്കിലും അസ്വഭാവികതയുണ്ടാകും. ചെറിയ ചെറിയ പിണക്കങ്ങളും വഴക്കുകളുമൊക്കെ സ്നേഹത്തിൽ നിന്നും കരുതലിൽ നിന്നും ഉണ്ടാകുന്നതാണ്. എന്നാൽ ഇതിന് ചുവടുപിടിച്ച് വാശിയും ദേഷ്യവും മനസ്സിൽ സൂക്ഷിച്ച് പ്രശ്നം വഷളാകും മുൻപ് പരസ്പരം വഴക്കുകൾ പറഞ്ഞവസാനിപ്പിക്കുക.
സ്വകാര്യനിമിഷങ്ങൾ വേണം
ടി വി കാണുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ ഉള്ള ഒഴുക്കൻ വിശേഷങ്ങൾ പറച്ചിലിൽ നിന്ന് മാറി മനസുതുറന്ന് സംസാരിക്കാൻ സ്വകാര്യമായ സമയവും സ്ഥലവും കണ്ടെത്തുക. മറയൊന്നുമില്ലാതെ ചിരിക്കാനും കരയാനും കെട്ടിപ്പിടിക്കാനുമൊക്കെ ഈ സമയത്തു കഴിയണം. മനസിലുള്ള എല്ലാ ആശങ്കകളും പരാതികളും ഈ അവസരത്തിൽ പറഞ്ഞു തീർക്കാം.
തുറന്നു സംസാരിക്കാം പക്ഷേ !
തുറന്നു പറച്ചിലുകളാണ് ദാമ്പത്യത്തിന്റെ നെടുംതൂൺ പക്ഷെ മറച്ചു വയ്ക്കേണ്ട കാര്യങ്ങൾ മറച്ചു തന്നെ വയ്ക്കുക. പഴയ പ്രണയബന്ധങ്ങൾ ഒരു ചാക്കിലാക്കി കടലിൽ താഴ്ത്തിക്കോളൂ. പിന്നീട് അവരുമായി ബന്ധം സ്ഥാപിക്കാനോ അവരുടെ വിശേഷമന്വേഷിച്ച് പിറകെ പോകാനോ നിൽക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കും.
വീട്ടുകാരും സുഹൃത്തുക്കളും പങ്കാളിയെപ്പറ്റി എന്തെങ്കിലും മോശം കമന്റ് പറഞ്ഞാൽ അത് കഴിവതും പങ്കാളിയുമായി പങ്കുവയ്ക്കാതിരിക്കുക.
ഒളിഞ്ഞുനോട്ടം വേണ്ട
പങ്കാളിയുടെ അറിവില്ലാതെ അവരുടെ ഫോണോ കമ്പ്യൂട്ടറോ തിരഞ്ഞ് സോഷ്യൽ മീഡിയ അക്കൗണ്ടിലും മറ്റും ഒരന്യനെപ്പോലെ ഒളിഞ്ഞുനോക്കുന്നത് ശരിയായ ശീലമല്ല. ആവശ്യമെങ്കിൽ പങ്കാളിയുടെ സാന്നിധ്യത്തിൽ സ്വഭാവികമായ രീതിയിൽ ഇത് ചെയ്യാം. ഇത് നിങ്ങൾക്ക് അവരിൽ വിശ്വാസമുണ്ടെന്ന് തോന്നലുളവാക്കുകയും ബന്ധത്തിൽ അടുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക