സ്പെയിനിന്റെ തലസ്ഥാന നഗരമായ മാഡ്രിഡിലാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീടിന്റെയും ഒത്തുചേരലുകളുടെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
സുഹൃത്ത് ജോർജീന റോഡ്രിഗസും നാല് മക്കളുമടങ്ങുന്നതാണ് ക്രിസ്റ്റ്യാനോയുടെ കുടുംബം. 8600 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിൽ ഏഴു കിടപ്പുമുറികളാണുള്ളത്. മക്കൾക്ക് പഠിച്ചു കളിച്ചു വളരാനായുള്ള സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയ നഴ്സറിയും വീട്ടിലൊരുക്കിയിട്ടുണ്ട്. വീടിന്റെ അകത്തളങ്ങൾ മിനിമൽ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആത്മീയതയ്ക്കും വീട്ടിൽ പ്രാധാന്യം നൽകിയിരിക്കുന്നു. പ്രധാനവാതിലിനരികിലും ഉദ്യാനത്തിലും ബുദ്ധന്റെ ശിരോപ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
വീട്ടിലെ ഓരോ മുക്കിലും മൂലയിലും ക്രിസ്റ്റ്യാനോയുടെ കരസ്പർശം തെളിഞ്ഞുകാണാം. ചുവരുകളിൽ തന്റെ കരിയറിലെയും കുടുംബജീവിതത്തിലെയും പ്രധാന നിമിഷങ്ങൾ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു. എന്തിനേറെ ക്രിസ്റ്റ്യാനോയുടെ പുതപ്പിൽ പോലും പേരിന്റെ ചുരുക്കെഴുത്തായ സി ആർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡോറിന്റെ പിടിയിലും സി ആർ എന്നുണ്ട്. ബാത്ത്റൂമിലോ, താരം തന്റെ പ്രിയപ്പെട്ട ഏഴാം നമ്പർ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ചിത്രമാണുള്ളത്.
വിശാലമായ ഊണുമുറിയുടെ സീലിങ്ങിൽ നിറയെ മുന്തിയ ഷാൻലിയറുകൾ കാണാം. ഊണുമുറിയുടെ ഭിത്തികൾ ഫോട്ടോ ഗാലറിയാണെന്ന് തന്നെ പറയാം. പരിശീലനത്തിനായി ഒരു ചെറിയ ഫുട്ബോൾ പിച്ചും വീട്ടിലൊരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായ ജിം, സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്. 4.8 പൗണ്ടാണ് വീടിന്റെ മൂല്യം. അതായത് ഏകദേശം 50 കോടി രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക