ഗർഭിണിയായിരിക്കുമ്പോൾ വിനോദയാത്രകളോ? മൂക്കത്തു വിരൽ വയ്ക്കാൻ വരട്ടെ. ബേബിമൂൺ എന്ന ഓമനപ്പേരിൽ ഗർഭിണികൾ അവരുടെ ഭർത്താക്കന്മാരോടൊപ്പം വിനോദയാത്ര പോകുന്നത് ഇന്ന് ട്രെൻഡാണ്. പുതുതായി എത്തുന്ന അതിഥിയെ സ്വീകരിക്കുന്നതിന് തൊട്ടു മുൻപുള്ള യാത്രയായതു കൊണ്ട് തന്നെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തകമാകും അത്.
പക്ഷെ ബേബിമൂൺ പോകാനൊരുങ്ങുമ്പോൾ ഗർഭിണിമാരും അവരുടെ ഭർത്താക്കന്മാരും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഹൈക്കിങ്, ട്രക്കിംഗ് തുടങ്ങിയ സാഹസികതയൊക്കെ ഗർഭിണികൾ പൂർണമായും ഒഴിവാക്കണമെന്നു മാത്രമല്ല ബേബിമൂൺ ഹൈറേഞ്ചിലേക്കാകുന്നത് ചിന്തിക്കുകയേ വേണ്ട.
ബേബിമൂൺ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
യാത്ര പ്ലാൻ ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ കണ്ടിരിക്കണം. നിങ്ങൾക്ക് യാത്ര ചെയ്യാമെന്നുള്ള ഡോക്ടറുടെ അനുമതി ലഭിച്ചാൽ മാത്രം ബേബിമൂൺ പോവുക.
യാത്ര പോകുന്നതിനു മുൻപ് നിങ്ങൾ പോകുന്ന സ്ഥലത്ത് നല്ല ഹോസ്പിറ്റലുകളും ക്ലിനിക്കുകളും ഉണ്ടന്ന് ഉറപ്പു വരുത്തി അവിടത്തെ ഫോൺ നമ്പറുകൾ അഡ്രസ് എന്നിവ കുറിച്ചു വയ്ക്കുക.
ഗർഭിണികളായ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ചില എയർലൈൻ കമ്പനിക്കാർ നിഷ്കർഷിക്കുന്നുണ്ട്. വിമാനയാത്രയാണ് പോകുന്നതെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ നിബന്ധനകൾ കൃത്യമായി വായിക്കുക.
റോഡ് മാർഗമാണ് യാത്രയെങ്കിൽ ദൂരെസ്ഥലങ്ങൾ പരമാവധി ഒഴിവാക്കുക. നിങ്ങളുടെ വീടിനടുത്തുള്ള മികച്ച സ്ഥലങ്ങൾ ബേബിമൂണിനായി തെരഞ്ഞെടുക്കാം. റോഡ് മാർഗമുള്ള ദീർഘദൂര യാത്രകൾ ഗർഭിണികൾ പാടെ ഒഴിവാക്കണം.
പകർച്ചവ്യാധികളോ മറ്റോ പടർന്ന് പിടിച്ചിരിക്കുന്നിടത്തേക്കുള്ള യാത്ര ഒഴിവാക്കണം. ഗർഭിണികളിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ബേബിമൂൺ പോകാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങൾ ബീച്ചുകളാണ്. മുംബൈയിലെ ജൂഹു ബീച്ച്, ചെന്നൈയിലെ മെറീന ബീച്ച്, ആലപ്പുഴയിലെ ആലപ്പി ബീച്ച്, പുരിയിലെ സീബീച്ച്, ഗോവയിലെ ബാഗ ബീച്ച്, പോണ്ടിച്ചേരിയിലെ പ്രൊമനേഡ് ബീച്ച്, ദിയുവിലെ നാഗോവ ബീച്ച്, വിരാഗിവിലെ ആർ കെ ബീച്ച് തുടങ്ങിയവ ഇതിനായി തെരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക