പൂക്കളിൽ എന്നും മുന്പന്തിയിൽത്തന്നെ നിൽക്കുന്ന പുഷ്പമാണ് റോസ്. പല വർണ്ണങ്ങളിലും വലിപ്പത്തിലും മണത്തിലും മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന റോസ കണ്ണിന് ആനന്ദം നൽകുന്ന കാഴ്ച തന്നെയാണ്. വളരെയെളുപ്പത്തിൽ നട്ടുപിടിപ്പിക്കാവുന്നതും വളരെ വേഗത്തിൽ പുഷ്പിക്കുന്നതുമായ സസ്യമാണ് റോസ. ഒന്ന് ശ്രദ്ധിച്ചാൽ നമ്മുടെ മുറ്റത്തും മനോഹരമായ ഒരു റോസാത്തോട്ടം ഒരുക്കിയെടുക്കാം.
നല്ല നീർവാഴ്ചയുള്ളതും ജൈവാംശമുള്ളതുമായ മണ്ണ് വേണം റോസ നടാനായി തെരഞ്ഞെടുക്കേണ്ടത്. ധാരാളം സൂര്യപ്രകാശം ചെടിയിൽ പതിക്കുന്ന തരത്തിലുള്ള സൗകര്യ പ്രദമായ സ്ഥലവും കണ്ടെത്തണം. കഠിനമായ മഴയോ വേനലോ ഒഴികെയുള്ള ഏതു സമയത്തും റോസ നടാവുന്നതാണ്. മണ്ണ് നല്ലവണ്ണം കിളച്ചു കല്ലും കളകളും നീക്കി നല്ലവണ്ണം നിരപ്പാക്കിയിടണം. ഒരടി വീതം നീളം താഴ്ച എന്നീ ക്രമത്തിൽ കുഴികളെടുത്ത് അതിലേക്ക് ഉണക്കച്ചാണകം പൊടിച്ചിട്ടതിനു ശേഷം ചെടികൾ നടാം. ചെടികൾ തമ്മിൽ കൃത്യമായ അകലം പാലിക്കേണ്ടതാണ്. ചട്ടിയിലാണ് നടുന്നതെങ്കിൽ കുറഞ്ഞത് 30 സെ മീ എങ്കിലും വലിപ്പമുള്ള ചട്ടികൾ ഉപയോഗിക്കണം. അധികം പടർന്നുവളരാത്ത ഇനങ്ങളാണെങ്കിൽ വലിപ്പം കുറച്ചു കുറഞ്ഞ ചട്ടികളായാലും മതി. മൺചട്ടികൾ തെരെഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം.
വളപ്രയോഗം
കുഴികളിൽ നട്ട ചെടികൾക്ക് വർഷത്തിൽ 5 മുതൽ 10 കിലോഗ്രാം വരെ ജൈവവളം നൽകണം. പച്ചിലയോ ചാണകമോ കോഴിവളമോ ഇതിനായി ഉപയോഗിക്കാം. ഓരോ ചെടിക്കും 50 ഗ്രാം വീതം റോസ് മിക്സ്ചർ വാങ്ങി ചുവട്ടിൽ നിന്നും കുറച്ചു മാറ്റിയിട്ടു കൊടുക്കാം. ചെടികളിൽ വളർത്തുന്ന ചെടികളുടെ ചുവട്ടിലെ മണ്ണിൽ ജൈവാംശം പൂർണമായി ഇല്ലാതാകുമ്പോഴോ ചട്ടിയിൽ വേര് വളർന്നു നിറയുമ്പോഴോ മണ്ണ് മാറ്റിക്കൊടുക്കണം. രാസവളം ഉപയോഗിച്ചാൽ അതിട്ടതിന് ശേഷം ഉടൻ തന്നെ നനയ്ക്കാൻ ശ്രദ്ധിക്കണം.
വിളവെടുപ്പ്
നന്നായി പരിപാലിച്ചു വളർത്തുന്ന ചെടികൾ ആദ്യവർഷം തന്നെ പുഷ്പിക്കും. രണ്ടാം വർഷം മുതൽ പത്തു വർഷം വരെ ഇത് തുടർച്ചയായി പൂവ് നൽകും. അതിനുശേഷം ക്രമേണ പൂക്കളുടെ എണ്ണം കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക