കുട്ടികൾക്കും സൗന്ദര്യ സംരക്ഷണമാകാം എന്ന് കേട്ടയുടനെ അമ്മയുടെ ക്രീമും മറ്റും കുട്ടിയുടെ മേൽ പരീക്ഷിച്ചു നോക്കാൻ തയ്യാറാകുന്നവരാകും നമ്മളിൽ പലരും. എന്നാൽ മുതിർന്നവരുടെ ചർമ്മത്തേക്കാൾ ലോലമാണ് കുട്ടികളുടെ ചർമ്മം. അതുകൊണ്ടു തന്നെ മുതിർന്നവരുപയോഗിക്കുന്ന അതേ ഉൽപ്പന്നങ്ങൾ കുട്ടികളിൽ പ്രയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ടാൽക്കം പൗഡർ
ജനിച്ചു കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് ടാൽക്കം പൗഡർ കൊണ്ട് പൊതിയുന്ന ശീലം അത്ര നല്ലതല്ല. നിരവധി രാസവസ്തുക്കളടങ്ങിയിരിക്കുന്ന ടാൽക്കം പൗഡർ കുഞ്ഞിന്റെ ലോല ചർമ്മത്തിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങളുടെ ചർമ്മത്തിനിണങ്ങും വിധം പി എച്ച് വാല്യൂ 5.5 ഉള്ള ബോഡി വാഷും ക്രീമും തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
കണ്മഷി
വീട്ടിൽ നിർമ്മിക്കുന്നതോ ആയുർവേദ കടകളിൽ നിന്ന് വാങ്ങുന്നതോ ആയ കണ്മഷികൾ മാത്രം കുഞ്ഞിന്റെ കണ്ണിലെഴുതുക. കുട്ടിക്കുപയോഗിക്കുന്ന കണ്മഷി കഴിവതും മറ്റാരും ഉപയോഗിക്കരുത്. കൈകൾ വൃത്തിയുണ്ടെന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രം കൈ കൊണ്ട് കണ്ണെഴുതുക.
ഫേഷ്യൽ
18 വയസ്സ് തികയാതെ ഫേഷ്യൽ ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുകയെ വേണ്ട. മുഖത്ത് നിറയെ കുരുക്കളും കാരായും ഉണ്ടങ്കിൽ 12 വയസ്സിനു ശേഷം വേണമെങ്കിൽ ക്ലീൻ അപ്പ് ചെയ്യാം. ഇതിന് പാർലറിനെ ആശ്രയിക്കണമെന്നില്ല. അരിപ്പൊടിയോ പയറുപൊടിയോ തേച്ച് ദിവസവും മുഖം കഴുകിയാലും മതി. ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ ബാത്ത് ചെയ്യുന്നത് ശരീരവും മുടിയും പുഷ്ടിപ്പെടുത്തും.
ത്രെഡിങ്, വാക്സിംഗ്
ഇവയും 18 വയസ്സിനു ശേഷം മാത്രമേ പരീക്ഷിക്കാൻ പാടുള്ളു. മുടി വലിച്ചെടുക്കുമ്പോൾ ആ ഭാഗത്തെ ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടമാകും. മാത്രമല്ല കുട്ടികളുടെ ചർമ്മമായതിനാൽ കറുത്തപാടുകൾ വരാനുള്ള സാധ്യതയുമുണ്ട്.
കേശ സംരക്ഷണം
നീളൻ മുടി വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളും മാതാപിതാക്കളുമുണ്ട്. എന്നാൽ സ്വന്തം മുടി തനിയെ സംരക്ഷിക്കാനാകുന്നത് വരെ ഷോർട്ട് ഹെയർ കട്ട് തന്നെയാണ് നല്ലത്. നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ പേൻ, താരൻ, മുടിക്കായ തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടാകാം. ആഴ്ചയിലൊരിക്കൽ നിർബന്ധമായും ഷാംപൂ ചെയ്ത് കണ്ടിഷൻ ചെയ്യുക.
വീട്ടിൽ വച്ച് ചെയ്യാവുന്ന ചില പരിചരണങ്ങൾ
ഷൂസും ചെരുപ്പിമിട്ട് കാലിൽ പാട് വന്നാൽ അതൊഴിവാക്കാൻ ചൂട് വെള്ളത്തിൽ ഉപ്പും ബേബിഷാംപൂവും ഇട്ട് കാലിറക്കി വച്ചതിനു ശേഷം ഒലിവു ഓയിൽ കൊണ്ട് മസാജ് ചെയ്യുക.
കൈകാൽ മുട്ടുകളിലെ കറുപ്പ് നിറം മാറ്റാൻ നാരങ്ങാത്തോട് കൊണ്ട് ഉരച്ചു കഴുകുക.
ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാകാൻ വൈറ്റമിൻ സി, സിങ്ക് ഇവയടങ്ങിയ ഭക്ഷണങ്ങൾ ശീലിപ്പിക്കുക. ധാരാളം വെള്ളം കുടിപ്പിക്കുക.
സ്കൂൾ പരിപാടികൾക്കോ വിശേഷാവസരങ്ങൾക്കോ ഒഴികെ മേക്കപ്പ് പൂർണ്ണമായും ഒഴിവാക്കുക.
മുതിർന്നവരുടെ മേക്കപ്പ് സാധനങ്ങൾ കുട്ടികളുടെ കയ്യെത്താവുന്നിടത്ത് നിന്നും മാറ്റി വയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക