യുവാവിന്റെ സെൽഫി ഭ്രമത്തിനിടയിൽ പൊലിഞ്ഞത് മൂന്ന് ജീവൻ. ബൈക്കപകടത്തിൽപ്പെട്ട് ചോരയിൽക്കുളിച്ച് മരണത്തോട് മല്ലിട്ട് കിടക്കുന്ന യുവാക്കളുടെ മുമ്പിൽ നിന്ന് സെൽഫിയും വിഡിയോയും എടുക്കാനായിരുന്നു യുവാവിന് തിടുക്കം. എന്നെ രക്ഷിക്കൂ എന്ന് പരിക്കേറ്റവരിൽ ഒരാൾ വിളിച്ചുപറഞ്ഞിട്ട് പോലും സെൽഫിയെടുക്കൽ നിന്നില്ല.
രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സ്കൂൾബസുമായിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ശേഷിച്ച രണ്ടുപേർ ചോരയിൽ കുളിച്ച് കിടന്ന് സഹായമഭ്യർഥിക്കുന്നതിനിടയിലാണ് വഴിപോക്കനായ യുവാവ് അവരെ സഹായിക്കാതെ സെൽഫിയും വിഡിയോയും എടുത്ത് രസിച്ചത്. ഇതിനിടെ ശേഷിച്ച രണ്ടുപേരും മരിച്ചു.
താനെടുത്ത ഫോട്ടോയും വിഡിയോയും യുവാവ് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക