ഒരേ സമയം പ്രകൃതി ഭംഗി ആസ്വദിക്കാനും പുണ്യ യാത്ര ചെയ്യാനും പറ്റിയ ഒരു സ്ഥലമാണ് തലക്കാവേരി. പുണ്യനദിയായ കാവേരി ഉത്ഭവിക്കുന്നിടമാണ് തലക്കാവേരി. കാവേരി ഒരു നീരുറവയായി ഊറിവരുന്നത് കാണണമെങ്കില്‍ തലക്കാവേരിയില്‍ തന്നെ പോവണം.
കുടക് ജില്ലയുടെ മുഖ്യകേന്ദ്രമായ മടിക്കേരിയില്‍ നിന്ന് തലക്കാവേരിയിലേക്ക് 48 കിലോമീറ്റര്‍ ദൂരമുണ്ട്. പുണ്യസ്ഥലമായ വാഗമണ്ഡലയില് നിന്നും 8 കിലോമീറ്ററും. ബ്രഹ്മഗിരി, അഗ്നിഗിരി, വായുഗിരി, ഗജരാജഗിരി എന്നീ നാല് ഗിരികളുടെ മദ്ധ്യത്തിലാണ് തലകാവേരി.
തലക്കാവേരിയിൽ രണ്ടു ക്ഷേത്രങ്ങളുണ്ട്. വിരളമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ തുലാസംക്രമണ വേളയിൽ പാർവതീ ദേവി പവിത്രമായ തിർത്ഥോൽഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതേ ഇടത്തിൽ തന്നെയുള്ള അശ്വഗന്ധ മരത്തിൻ ചുവട്ടിലാണു അഗസ്ത്യമുനിക്ക് ത്രിമൂർത്തികൾ പ്രത്യക്ഷപെട്ടു വരങ്ങൾ നൽകിയതെന്നു വിശ്വസിക്കുന്നു. തലക്കാവേരിയിൽ നിന്നു താഴേക്കു ചവിട്ടുപടികൾ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തർഷികൾ യജ്ഞം നടത്തിയെന്നും പാർവതി ദേവി പ്രത്യക്ഷപ്പെട്ടെന്നും ഐതിഹ്യമുണ്ട്.
അതേപോലെ മഞ്ഞിലും മഴയിലും കുതിര്‍ന്നു നില്ക്കുന്ന തലക്കാവേരിയുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ സാധിക്കില്ല. കൂടാതെ തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രവും ഏറെ പ്രശസ്തമാണ്. 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ് ഇത്. മഴക്കാലത്തു മാത്രം കാണുന്ന മനോഹരങ്ങളായ ഒരുപാടു വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമാണിവിടം. ഒരേ സമയം തന്നെ ഒരുപാടു മുഖങ്ങൾ സഞ്ചാരികൾക്ക് കാണിച്ചു കൊടുക്കാന്‍ തലക്കാവേരിക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക