ഇനി ഒറ്റ ടിക്കറ്റിൽ മെട്രോയിലും ബസുകളിലും യാത്ര ചെയ്യാം. ബസുകളിൽ യാത്രയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൺ കാർഡുകൾ ഉപയോഗിച്ചു തുടങ്ങി. വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 15 ബസുകളിൽ ഇതിനായി യന്ത്രങ്ങൾ നൽകിയിട്ടുണ്ട്. മെട്രോയുടെ ടിക്കറ്റായി ഉപയോഗിക്കുന്ന സ്മാർട്ട് കാർഡാണ് കൊച്ചി വൺ കാർഡ്.
കൊച്ചിയിലെ ബസുകളിൽ രണ്ടു മാസത്തിനകം ഇത് പൂർണമായും നടപ്പാക്കുമെന്ന് െകാച്ചി മെട്രോ അധികൃതർ പറഞ്ഞു. ഇതുപയോഗിച്ച് ബസിൽ മാത്രമല്ല ഭാവിയിൽ ഓട്ടോയിലും യാത്ര സാധ്യമാകും. ആലുവ, വൈറ്റില, കാക്കനാട് റൂട്ടുകളിലെ ഏതാനും ബസുകളിൽ ഇപ്പോൾ കാർഡുപയോഗിച്ച് യാത്ര ചെയ്യാം. ആക്സിസ് ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അതേസമയം കാർഡുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബസുകളിലെല്ലാം ജി.പി.എസ്. ഘടിപ്പിക്കൽ പൂർത്തിയായി. 720 ബസുകളിൽ ഇത് ഘടിപ്പിച്ചിട്ടുണ്ട്. സംയോജിത ബസ് ടൈംടേബിളും മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള സൗകര്യവുമെല്ലാം ഇതുവഴി യാഥാർത്ഥ്യമാകും. കൊച്ചി വൺ ആപ്ലിക്കേഷനിലൂടെ യാത്രയെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ മൊബൈലിൽ കിട്ടും. മെട്രോയ്ക്കനുബന്ധമായി നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് കെ.എം.ആർ.എൽ. മാനേജിങ് എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക