വീടിന്റെയുള്ളിൽ പച്ചപ്പ് നിറയ്ക്കുന്നത് കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന കാഴ്ചയാണ്. താത്പര്യവും വീക്ഷണവുമനുസരിച്ച് വീട്ടിനുള്ളിലെവിടെയും ഇൻഡോർ പ്ലാന്റുകൾ സ്ഥാപിക്കാം. സ്വീകരണ മുറി, അടുക്കള, ബാത്ത്റൂം, ഇവിടങ്ങളിലെല്ലാം നയനാനന്ദകരമായ പച്ചപ്പ് നിറയ്ക്കാം . ബെഡ്റൂമുകളിലും , ലിവിംഗ്, ഡൈനിംഗ്ഹാള്‍ എന്നിവിടങ്ങളിലും കുറച്ച് ഉയരമുള്ള പ്ലോട്ടുകളോ സ്റ്റാന്റുകളോ വച്ച് പ്ലാന്റ് അറേഞ്ച് ചെയ്യാം. ബാത്ത്റൂമുകളില്‍ നീളമുള്ള പ്ലാന്റുകളോ പടര്‍ന്നിറങ്ങുന്ന തരത്തിലുള്ളതോ വെക്കാം. നീളമുള്ളതാണെങ്കില്‍ കോര്‍ണറിലും , പടര്ന്നിറങ്ങുന്നത് ജനാലപ്പടിയിലും വെക്കാം. അടുക്കളയില്‍ സിങ്കിനടുത്ത് പുറത്തേക്കു തുറക്കുന്ന ജനാലയുണ്ടെങ്കില്‍ അവിടെ ചെടികള്‍ വയ്ക്കുന്നതാണ് നല്ലത്. സ്റ്റെയര്‍കേസിന്റെ തിരിവുകളില്‍ പച്ചപ്പുനിറച്ചാല് പ്രത്യേക ഭംഗിയുണ്ടാകും.
ഇൻഡോർ പ്ലാന്റുകൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മുറിക്കുള്ളിൽ വളർത്തുന്ന ചെടികൾക്ക് തിളക്കം കിട്ടാൻ തുണിയിൽ ഏതാനും തുള്ളി ഗ്ലിസറിൻ പുരട്ടിയ ശേഷം ചെടികളുടെ ഇലകൾ തുടച്ചു വൃത്തിയാക്കുക. അല്ലെങ്കിൽ സമം പാലും വെള്ളവും ചേർത്ത മിശ്രിതത്തിൽ തുണി മുക്കി തുടച്ചാലും മതി.
ഇൻഡോർ പ്ലാന്റുകൾ നല്ല വായു സഞ്ചാരവും ആവശ്യത്തിനു സൂര്യപ്രകാശവും കിട്ടുന്ന ഇടങ്ങളിൽ വയ്ക്കുക. പത്തോ പതിനഞ്ചോ ദിവസം കൂടുമ്പോൾ ഇവ വീടിനു വെളിയിൽ വയ്ക്കുന്നത് പ്രകൃതിദത്തമായ വെളിച്ചം കിട്ടാൻ സഹായിക്കും. ചെടികൾ പുറത്ത് തണൽ കിട്ടുന്ന സ്ഥലങ്ങളിൽ വയ്ക്കുക. കഠിനമായ സൂര്യപ്രകാശമേറ്റാൽ അവ വാടിപ്പോകും.
ചെടിയുടെ ഇലകളുടെ അഗ്രം തവിട്ടു നിറത്തിൽ കാണുകയോ അടിവശത്തിന് മഞ്ഞനിറമുണ്ടാകുകയോ ചെയ്താൽ നനച്ചത് അധികമായെന്ന് മനസിലാക്കാം. ഇത്തരം ചെടികൾ രണ്ടു ദിവസം നനയ്ക്കാതിരിക്കുക. ചെടിച്ചട്ടിയിലെ മണ്ണു വരണ്ടതായി കണ്ടാൽ ചെറുതായി നനച്ചു കൊടുക്കാം.
ചെടിക്ക് വേണ്ടത്ര വെള്ളം കിട്ടാതെ വന്നാൽ ഇലകളുടെ അഗ്രഭാഗത്തിന് മഞ്ഞനിറമോ തവിട്ടു നിറമോ വരാം. ഇത്തരം ചെടികൾ ചട്ടിയോടു കൂടെത്തന്നെ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. ഇടയ്ക്കിടെ നനയ്ക്കുകയും വേണം. * അന്തരീക്ഷത്തിലെ ഈർപ്പം കൂടിയാൽ ഇൻഡോർ പ്ലാന്റുകൾക്ക് ഫംഗസ് ബാധ ഉണ്ടാകാം. ഫംഗസ് ബാധയേറ്റ ചെടികൾ സൂര്യപ്രകാശത്തിലേക്കു മാറ്റി വയ്ക്കുക.
ചെടികൾ വാടി കണ്ടാൽ ഒരു വലിയ സ്പൂൺ ആവണക്കെണ്ണ ഒഴിച്ച ശേഷം അൽപം വെള്ളം തളിച്ചു കൊടുക്കുക. ചെടികൾക്ക് ഉന്മേഷം വീണ്ടും കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക