നിവിൻ പോളിയെ നായകനാക്കി ചരിത്രപുരുഷൻ കൊച്ചുണ്ണിയുടെ കഥ പറഞ്ഞ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി ഒറ്റ ദിവസം കൊണ്ട് വാരി കൂട്ടിയത് അഞ്ച് കോടി മൂന്ന് ലക്ഷം രൂപ. ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീ ഗോകുലം മൂവീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ കളക്ഷൻ പുറത്തു വിട്ടത്. ടൈറ്റിൽ റോളിൽ യുവതാരം നിവിൻ പോളിയും ഇത്തിക്കര പക്കി എന്ന ഗസ്റ്റ് റോളിൽ സാക്ഷാൽ മോഹൻലാലും എത്തുന്നുവെന്ന ഹൈപ്പിൽ ആദ്യ ദിനത്തിൽ തന്നെ 358 തീയേറ്ററുകളിലാണ് കൊച്ചുണ്ണി പ്രദർശിപ്പിച്ചത്. റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം തന്നെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്.
1000 ത്തോളം ലൈക്കുകൾ മാത്രമുള്ള ശ്രീ ഗോകുലം മൂവീസ് ഫെയ്സ്ബുക്ക് പേജിലാണ് ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡ് ഷെയർ ചെയ്തിരിക്കുന്നത്. കൊച്ചുണ്ണിയുടെ പ്രൊമോഷന് വേണ്ടിയുള്ള ഒഫീഷ്യൽ പേജിൽ ഇത് ഷെയർ ചെയ്തിട്ടില്ല. ഈ കണക്കുകൾ മുൻനിർത്തി മനോരമയടക്കമുള്ള മാധ്യമങ്ങൾ കൊച്ചുണ്ണിയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന റെക്കോഡ് സ്വന്തമാക്കിയെന്ന് സംവിധായകന് വിഎ ശ്രീകുമാര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസ് ആദ്യദിനത്തിൽ അഞ്ച് കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ പുറത്തു വിട്ട കണക്കനുസരിച്ച് ആദ്യദിന കളക്ഷനിൽ ഇപ്പോൾ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് മമ്മൂട്ടി ചിത്രമായ ഗ്രെയ്റ്റ് ഫാദറാണ്. മറ്റെല്ലാം പല ട്വിറ്റര്‍ പേജുകളും സ്വന്തമായി നിര്‍മിച്ചെടുക്കുകയോ ട്രാക്ക് ചെയ്ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ മൊത്തം കളക്ഷന്‍ നിഗമനങ്ങളോ ആണ്. കൊച്ചുണ്ണിയെ സംബന്ധിച്ച് പുറത്തു വന്ന വാർത്തകൾ വാസ്തവമെങ്കിൽ ഗ്രേറ്റ് ഫാദറിന്റെ ഈ റെക്കോർഡിനെയാണ് കൊച്ചുണ്ണി മറികടന്നിരിക്കുന്നത്.
പ്രേക്ഷക ഹൃദയം കവർന്ന് കൊച്ചുണ്ണിയും പക്കിയും; കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക