പ്രായഭേദമന്യേ കുട്ടികളും, മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന വിഭവമാണ് അച്ചാര്‍. പലര്‍ക്കും അച്ചാറില്ലാതെ ചോറ് ഇറങ്ങില്ല എന്ന അവസ്ഥയാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പോലും അച്ചാര്‍ കഴിക്കുന്നവരുമുണ്ട്. അച്ചാറിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്, എന്നിട്ടും ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. അച്ചാര്‍ ഏതു തരത്തില്‍ ആരോഗ്യത്തെ ബാധിക്കുമെന്നത് അറിയാത്തതാണ് ഇതിന് കാരണം.
വയറിന്റെ ആരോഗ്യം
മാസങ്ങളോളം അച്ചാര്‍ സൂക്ഷിക്കേണ്ടതിനാല്‍ ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് പൊടി തുടങ്ങിയവ അച്ചാറുകളില്‍ കൂടുതലായി ഉപയോഗിക്കുന്നു. എന്നാല്‍ ഇവ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതല്ല. എരുവ് അമിതമായി കഴിച്ചാല്‍ വയറിന്റെ ആരോഗ്യത്തിന് ബാധിക്കും. അതുപോലെ തന്നെ വിനാഗിരിയും ആരോഗ്യത്തിന് നല്ലതല്ല.
ഗ്യാസ്ട്രൈറ്റിസ്
പല അച്ചാറുകളും ഗ്യാസിന്റെ പ്രശ്നം കൂട്ടുവാന്‍ കാരണമാകുന്നുണ്ട്. എരുവും അസിഡിറ്റിയും വയറിലെ ആസിഡിന്റെ ഉല്‍പ്പാദനം വന്‍തോതില്‍ കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ എപ്പോഴും അച്ചാറുകള്‍ മിതമായി മാത്രമേ ഉപയോഗിക്കാവൂ. രാത്രികാലങ്ങളില്‍ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കില്‍ അതിലൂടെ ശരീരത്തില്‍ ദഹനം നടക്കുമ്പോള്‍ അമിതമായ അസിഡിറ്റി ഉല്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അള്‍സറിന് കാരണാവുന്നു.
രക്തസമ്മർദ്ദം
ഉയര്‍ന്ന അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതും മനുഷ്യ ശരീരത്തില്‍ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു. കൂടുതല്‍ നാള് നിലനില്ക്കുവാന് വേണ്ടിയാണ് അച്ചാറുകളില്‍ ആവശ്യത്തിലധികം ഉപ്പ് ചേര്‍ക്കുന്നത്. ഉപ്പ് ലൈനിങ് ഇറിറ്റേഷന്‍ ഉണ്ടാക്കുകയും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.
വൃക്ക രോഗങ്ങൾ
അമിതമായ അളവില്‍ അച്ചാര്‍ കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ഉപ്പിന്റെ അമിതമായ ഉപയോഗം കാരണം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കിഡ്നി പ്രവര്‍ത്തിക്കുകയും കിഡ്നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാല്‍ കിഡ്നി രോഗം ഉള്ളവരും അച്ചാര്‍ മിതമാക്കണം.
കൊളസ്ട്രോൾ
അച്ചാറില്‍ എണ്ണയും കൂടുതലായി ഉപയോഗിക്കുന്നുണ്ട്. എണ്ണ അമിതമായി ഉപയോഗിക്കുമ്പോള്‍ അത് കൊളസ്ട്രോളിന് കാരണമാവുന്നു. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നതിലും നല്ലത് അച്ചാര്‍ ഉപയോഗം കുറക്കുക എന്നതാണ്.
ഇനി അച്ചാര്‍ നിര്‍ബന്ധമാണെങ്കില്‍ കുറച്ച് മാത്രം കഴിക്കുക, എന്നാല്‍ സ്ഥിരമായി കഴിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക