ഭാരതത്തിൽ തന്നെ മതേതരത്വത്തിന് പേരുകേട്ട സംസ്ഥാനമാണ് കേരളം. പുരാതനകാലം മുതൽക്കു തന്നെ മതസൗഹാർദ്ദത്തെ അടയാളപ്പെടുത്തുന്ന പലതും കേരളത്തിലുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അയ്യപ്പന്റേയും വാവരുടെയും സൗഹൃദത്തിന്റെ കഥ.
ശബരിമല സന്ദർശനം നടത്തുന്ന ഭക്തന്മാർ വാവരുപള്ളിയിൽ കയറിയതിനു ശേഷം മാത്രമേ മാള ചവിട്ടാറുള്ളൂ. എന്നാൽ ആരാണ് അയ്യപ്പന്റെ പ്രിയ സുഹൃത്തായ ഈ വാവർ?
പന്തളരാജ്യം ആക്രമിക്കാൻ വന്ന വാവർ അയ്യപ്പനുമായി ഏറ്റുമുട്ടുകയും അയ്യപ്പന്റെ ശക്തിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ തോൽവി സമ്മതിക്കുകയും പിൽക്കാലത്ത് അയ്യപ്പന്റെ അടുത്ത സുഹൃത്തായി മാറുകയും ചെയ്തു എന്നതാണ് ഐതിഹ്യം. വാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിലാണ് വാവരെക്കുറിച്ച് കൂടുതലായി പരാമർശിക്കുന്നത്. മക്കംപുരയിൽ ഇസ്മായിൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവർ. എന്നാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പന്റെ അംഗരക്ഷകനായുള്ള ചുമതല വാവർക്കായിരുന്നു. കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ അയ്യപ്പനും സംഘത്തിനും ദുഷ്ടമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാതെ നോക്കുക എന്നതായിരുന്നു വാവരുടെ ചുമതല.
ശാസ്താംപാട്ടുകളിൽ വാവരെ കടൽക്കൊള്ളക്കാരനായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആലപ്പുഴയ്ക്ക് സമീപമുള്ള ചില തീരദേശങ്ങൾ പന്തളം രാജാവിന്റെ അധീനതയിലായിരുന്നു. ഇവിടങ്ങളിൽ കടൽ വഴി കച്ചവടം നടത്തുന്ന കച്ചവടക്കാർ പന്തളം രാജാവിന് കപ്പം കൊടുക്കണം എന്നൊരു നിബന്ധന ഉണ്ടായിരുന്നു. എന്നാൽ വാവർ കപ്പം കൊടുക്കാൻ വിമുഖത കാണിച്ചു. അങ്ങനെ വാവർ പന്തളം രാജാവിന്റെ ശത്രുവായി. ഇതേത്തുടർന്ന് അയ്യപ്പൻ വാവരെ നേരിട്ടെന്നും പിന്നീട് വാവർ അയ്യപ്പൻന്റെ സന്തതസഹചാരിയായി എന്നുമാണ് മറ്റൊരു കഥ. ചില പുസ്തകങ്ങളിൽ വാവരൻ എന്ന പേരിലാണ് അയ്യപ്പന്റെ സന്തതസഹചാരിയയെ പരാമർശിച്ചിരിക്കുന്നത്. മഹിഷിയെ വധിക്കാൻ പോയ അയ്യപ്പന്റെ കൂടെ വാവരനമുണ്ടായിരുന്നുവെന്ന് ശ്രീ ഭൂതനാഥോപാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്.
കഥകളിങ്ങനെയൊക്കെയാണെങ്കിലും വ്യാഖ്യാനങ്ങളെക്കാൾ വലുതാണ് മനുഷ്യർ തമ്മിലുള്ള സൗഹൃദമെന്നതിന്റെ ഉദാത്ത മാതൃകയാണ് അയ്യപ്പനും വാവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക