ഓരോ ക്ഷേത്രങ്ങളിലെയും നിവേദ്യം വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ചില ക്ഷേത്രങ്ങളിൽ നിവേദ്യത്തിനു വേണ്ടി ഉണ്ടാക്കുന്ന കടുംപായസമാണ് അരവണ പായസം അഥവാ അരവണ. അരവണകളിൽ പ്രസിദ്ധം ശബരിമല അരവണയാണ്. വിഷ്ണുഭഗവാന് നിവേദിക്കുന്ന നൈവേദ്യമാണ് അരവണ. ചിലരെങ്കിലും ഇത് അയ്യപ്പന് നിവേദിക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകും. നീരാഞ്ജനം, നെയ്യഭിഷേകം, മഞ്ഞൾ എന്നിവയാണ് ശബരിമല അയ്യപ്പനുള്ള പ്രധാന നിവേദ്യം.
സാധാരണ കടുംപായസങ്ങളിൽ നിന്നും വ്യത്യസ്തമാണ് അരവണ. ഇതിൽ കൂടുതൽ നെയ്യും ശർക്കരയും ചേർക്കുന്നുണ്ട്. അതിനാൽ തന്നെ അരവണയ്ക്ക് മധുരം കൂടുതലാണ്. ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും. മറ്റു പായസങ്ങളെ അപേക്ഷിച്ച് അരവണ കൂടുതൽ കഴിക്കാൻ സാധിക്കില്ല.
ഈ പായസത്തിന് അരവണ എന്ന പേര് കിട്ടിയതിനു പിന്നിൽ പലകഥകളും പ്രചരിക്കുന്നുണ്ട്. അരവണ എന്ന് പേരുള്ള ഒരു ഋഷി ഉണ്ടായിരുന്നു. അദ്ദേഹം കാടിന്റെ നടുവിൽ കുടികൊള്ളുന്ന ഭഗവാനു നിവേദിക്കാൻ ഉപയോഗിച്ചതാണ് അരവണ. അതിനാൽ അദ്ദേഹത്തിന്റെ പേരായ അരവണ എന്നത് നിവേദ്യത്തിനും നൽകി.
അരവണ എന്നാൽ ദൈവം എന്ന അർത്ഥമുണ്ട്. ദൈവത്തിന് നിവേദിക്കാൻ ഉണ്ടാക്കപ്പെടുന്നതിനാൽ ഈ പായസത്തിന് അരവണ എന്ന പേര് കിട്ടി എന്നാണ് മറ്റൊരു പക്ഷം.
ഉണക്കലരി, നെയ്യ്, വെള്ളം, മുന്തിരി എന്നിവയാണ് അരവണ പായസത്തിലെ പ്രധാന ചേരുവകൾ. ശബരിമലയ്ക്ക് പുറമെ ഹരിപ്പാട് ക്ഷേത്രത്തിലെയും തിരുവാർപ്പ് ക്ഷേത്രത്തിലെയും അരവണ നിവേദ്യം പ്രസിദ്ധമാണ്. ഹരിപ്പാട് ക്ഷേത്രത്തിലേതിന് തുലാപ്പയാസമെന്നും തിരുവാർപ്പ് ക്ഷേത്രത്തിലേതിന് ഉഷപ്പായസമെന്നുമാണ് പേരുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക