കണ്ണൂർ: നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ഭക്തമനസ്സുകൾക്ക് സായൂജ്യമേകി പഴയങ്ങാടി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രഥംവലി നടന്നു. ക്ഷേത്രത്തിൽ നടന്നുവരുന്ന രഥോത്സവത്തിന്റെ അഞ്ചാം ദിനത്തിലാണ് രഥോത്സവം നടന്നത്. മൂന്നു ദിവസത്തെ വ്രതവിശുദ്ധിയുടെ നിറവിൽ സ്ത്രീകളും പുരുഷൻമാരും രഥംവലിയിൽ പങ്കാളികളായി.
ക്ഷേത്രത്തിനു ചുറ്റും നാല് തവണ രഥം വലംവച്ചു. രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവയ്ക്കു ശേഷം ദർശനത്തിന് അതിപ്രധാനമായ ഉത്സവ ബലി നടന്നു. വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്രകലാ അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ ചെണ്ടമേളം തുടര്‍ന്ന് ദീപാരാധന, രഥ പൂജ, അഷ്ടപദി എന്നിവയ്ക്ക് ശേഷമാണു രഥോത്സവം നടന്നത്. രഥംവലിക്കുശേഷം കനകവർഷവുമുണ്ടായി.
രഥോത്സവത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് അഞ്ചിന് കേളി. തുടർന്നു പല്ലക്ക് പൂജ, പല്ലക്കെഴുന്നള്ളിപ്പ്, ശ്രീഭൂതബലി, പള്ളിവേട്ട എന്നിവ നടക്കും. നാളെ രാവിലെ ഒൻപതിനു ക്ഷേത്രക്കുളത്തിൽ ആറാട്ടുബലി, ആറാട്ടിനെഴുന്നള്ളത്ത് എന്നിവയും തുടർന്ന് ആറാട്ടുസദ്യയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക