വീടിനുള്ളിൽ എവിടെയെങ്കിലും ഒരു മണിപ്ലാന്റ് വളർത്തുക. അല്ലെങ്കിൽ കാറ്റും വെളിച്ചവും വിരുന്നു വരാനായി പർഗോള വയ്ക്കുക. അതോടെ തീർന്നു നമ്മുടെ ഇക്കോ ഫ്രണ്ട്ലി വീട് എന്ന സങ്കൽപം. പക്ഷേ, പുതിയതായി വീട് പണിയും മുൻപും താമസിക്കുന്ന വീടിന് മാറ്റം വരുത്തും മുൻപും ഒന്നു ശ്രദ്ധിച്ചാൽ മതി, വീടിനുള്ളിലെ ഓരോ അണുവിലും പ്രകൃതിയെ പ്രതിഫലിപ്പിക്കാനാകും.
പഴയ ഫർണിച്ചർ ആന്റിക് ഭംഗിയോടെ ഉപയോഗിക്കാനായാൽ ഇക്കോ ഫ്രണ്ട്ലി വീടിന് നന്നായി ഇണങ്ങും.
ചൂരൽകൊണ്ടുണ്ടാക്കിയ ഫർണിച്ചറും വീടുകൾക്കു ചാരുത പകരും.
ഓർഗാനിക് കോട്ടനോ ലിനൻ തുണിത്തരങ്ങളോ ഉപയോഗിച്ചുള്ള കർട്ടനുകളാകണം അകത്തളങ്ങളെ അലങ്കരിക്കേണ്ടത്. കൃത്രിമ നിറങ്ങളുപയോഗിക്കാതെ പ്രകൃതിദത്തമായ നിറങ്ങൾ നൽകിയ തുണികൾ ഉപയോഗിച്ചാൽ കൂടുതൽ നല്ലത്. ചുറ്റുപാടുകളിൽ നിന്ന് വ്യത്യസ്തമാകാതെ വീടിനോട് യോജിച്ചു പോകുന്ന നിറമാണ് കർട്ടനുകൾക്കും അലങ്കാരങ്ങൾക്കും ഇണങ്ങുക.
ഏറ്റവും കൂടുതൽ വെള്ളത്തിന്റെ ഉപഭോഗം നടക്കുന്ന സ്ഥലമായതുകൊണ്ട്, ബാത്റൂം ഫിറ്റിങ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. വാട്ടർ ഫ്ലോ നിയന്ത്രിക്കുന്ന ഉപകരണങ്ങളും എയർ ഷവറുകളും സെൻസർ ഫോസെറ്റുകളും ഉപയോഗിക്കുക
പാചകം ചെയ്യാൻ മൺപാത്രങ്ങളും ഇരുമ്പു പാത്രങ്ങളും ഉപയോഗിക്കാം. പ്ലാസ്റ്റിക് വീടിനുള്ളിൽ വേണ്ടേ വേണ്ട.
ഇൻഡോർ പ്ലാന്റുകൾ ഒഴിവാക്കരുത്. സൂര്യപ്രകാശം നേരിട്ടു ലഭിക്കാത്ത ഇടങ്ങളിൽ പോലും വളരുന്നവയാണ് കുഞ്ഞൻ പനകൾ. ജനാലകൾക്കടുത്ത് വയ്ക്കാൻ കറ്റാർവാഴ നല്ലതാണ്. തുളസി, ഡ്രസീന എന്നിവ വായു ശുദ്ധീകരിക്കാൻ സഹായിക്കും. സ്നേക് പ്ലാന്റ് ബാത്റൂമിനുള്ളിൽ ഇണങ്ങും. വെർട്ടിക്കൽ ഗാർഡനും വീടിന്റെ മനോഹാരിത കൂട്ടും.
പ്ലോട്ടിന്റെ കാൽഭാഗത്തു മാത്രം വീടു പണിതാൽ ബാക്കി മുക്കാൽ ഭാഗം ലാൻഡ്സ്കേപ്പിനായി മാറ്റിവയ്ക്കാം.
ലാൻഡ്സ്കേപ്പിൽ വെള്ളം അധികം വേണ്ടാത്ത ചെടികളും പുല്ലുകളും പിടിപ്പിക്കുക. നമ്മുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ചെമ്പരത്തി, ചെത്തി, മുല്ല പോലുള്ള ചെടികളായാല് ഏറെ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക