96 എന്ന ഒറ്റചിത്രത്തിലൂടെ തൃഷ ഒന്നുകൂടി പ്രേക്ഷകർക്കിടയിൽ പ്രിയനടിയായി മാറിയിരിക്കുകയാണ്. ജാനു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ തൃഷ അഭിനയിച്ച ഗാനവും പറഞ്ഞ സംഭാഷണങ്ങളും എന്തിന് ധരിച്ച മഞ്ഞ കുർത്ത വരെ വൈറലായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ അവാർഡ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള തൃഷയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ചിത്രം വൈറലാകാൻ കാരണം തൃഷ അല്ല എന്നുള്ളതാണ് രസകരമായ കാരണം. ചിത്രത്തെ ഇത്രത്തോളം വൈറലാക്കിയത് നമ്മുടെ സ്വന്തം കാളിദാസാണ്.
വിപിനനും ജാനുവും എന്ന തലക്കെട്ടോടെ കാളിദാസ് തന്നെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. തൃഷയുടെ സൗന്ദര്യത്തിൽ മതിമറന്നിരിക്കുന്ന തരത്തിലുള്ള എക്സ്സ്പ്രഷനാണ് കാളിദാസിന്റെ മുഖത്ത്. എന്നാൽ യഥാർത്ഥത്തിൽ തൃഷയെ കണ്ടിട്ടാണോ സ്റ്റേജിലെ കാഴ്ച കണ്ടാണോ കാളിദാസ് ആശ്ചര്യപ്പെട്ടതെന്ന് വ്യക്തമല്ല. ഏതായാലും ചിത്രം പങ്കുവച്ചതോടെ കാളിദാസിനെ തമാശരൂപേണ കളിയാക്കിക്കൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. എല്ലാത്തിനും ഗംഭീര പ്രതികരണവുമാണ് ലഭിക്കുന്നത്.
അർജന്റീന ഫാൻസ് കഠോരക്കടവ് എന്ന ചിത്രമാണ് കാളിദാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇതിൽ വിപിനൻ എന്ന കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക