റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ പല റെക്കോർഡുകൾ സ്വന്തമാക്കിയെങ്കിലും പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന് നേരെയുള്ള വിവാദങ്ങൾ ഒഴിയുന്നില്ല. ചിത്രത്തിൽ ചെകുത്താനെ മഹത്വവത്ക്കരിക്കുന്നു എന്ന പരാതിയുമായി നേരത്തെ പല ക്രിസ്തീയ സംഘടനകളും രംഗത്ത് വന്നിരുന്നു, പിന്നീട് വരിക വരിക സഹജരെ എന്ന ഗാനം ചിത്രത്തിൽ ഉപയോഗിച്ചതിനെ തുടർന്നും വിമർശനങ്ങൾ ഉയർന്നിരുന്നു, ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം പോലീസ് വേഷമിട്ട കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യമാണ് പുതിയ വിവാദത്തിന് തീകൊളുത്തിയിരിക്കുന്നത്. തീയേറ്ററുകളിൽ ഏറ്റവുമധികം കയ്യടി കിട്ടിയ രംഗം കൂടിയാണിത്.
പരസ്യം സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നും ഇത്തരം പരസ്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും സെൻസർ ബോർഡിനും പരാതി നൽകിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക