ചെങ്ങന്നൂര്‍: കെ എസ് ആര് ടി സി ബസില്‍ യാത്ര ചെയ്ത യുവതിയുടെ കണ്ണിൽ ഇരുമ്പുകമ്പി തുളച്ചുകയറി.ചങ്ങനാശേരിയിലെ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ നഴ്സായ അഞ്ജുവിന്റെ കണ്ണിലാണ് കമ്പി തുളച്ച് കയറിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഇടതു കണ്ണിനാണ് ഗുരുതര പരിക്കേറ്റത്.
യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയ്ക്ക് പോകുന്ന അടൂര്‍ ഡിപ്പോയിലെ ആര് എസ് സി 487 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിൽ സഞ്ചരിക്കവെയാണ് അപകടം. എംസി റോഡില്‍ കെഎസ് ആര് ടി സി ബസ്സ്റ്റാന്റിനു സമീപം സ്വകാര്യ ആശുപത്രിയോട് ചേര്‍ന്ന ബേക്കറിയുടെ ഇറക്കിക്കെട്ടില് നിന്നും റോഡിലേയ്ക്ക് നീണ്ടു നിന്ന കമ്പിയാണ് യുവതിയുടെ കണ്ണിലേയ്ക്ക് തുളച്ചു കയറിയത്.
8 അടിയോളം വരുന്ന കമ്പിയില്‍ വെയില് മറയ്ക്കുന്നതിന് ചണച്ചാക്ക് വലിച്ചുകെട്ടിയിരിക്കുകയായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡില്‍ എതിരേ വന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. അപകടത്തിന് പിന്നാലെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക