കേന്ദ്ര സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡ് സ്പോക്ക് ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചു. ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായ സ്പോക്ക് കമ്പനിയുടെ ആദ്യ മോഡലാണ്. ഇന്ധന സ്കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് സ്പോക്കിന്റെ രൂപകൽപന.
പുറത്തേക്ക് തള്ളിയ ഹെഡ്ലൈറ്റ്, അതിനോട് ചേര്‍ന്ന ഇന്‍ഡികേറ്റര്‍, ബൈക്കുകളിലേതിന് സമാനമായ ഹാന്‍ഡില്‍ ബാര്‍, താഴ്ന്ന സീറ്റ്, വലിയ ഫൂട്ട് സ്പേസ്, ട്രെന്റി ടെയില്‍ ലാമ്പ്, 12 ഇഞ്ച് വീല്‍ പിന്നില്‍ ചെറിയ കാര്‍ഗോ ബോക്സ്എന്നിവ സ്പോക്കില്‍ ലഭിക്കും. 65,000-99,999 രൂപയാണ് വിപണി വില. സ്പോക്ക് ഇലക്ട്രിക് സ്കൂട്ടറിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്, ജൂലായ് മുതല്‍ വാഹനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.
2.9 kWh ലിഥിയം അയേണ്‍ ബാറ്ററിയും ബിഎല്‍ഡിസി ഹബ് മോട്ടോറുമാണ് വാഹനത്തിലുള്ളത്. തുടര്‍ച്ചയായി 1.2 kW പവറും പരമാവധി 2.1 kW പവറും സ്പോക്കില്‍ ലഭിക്കും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 50-130 കിലോമീറ്റര്‍ സ്പോക്കില്‍ സഞ്ചരിക്കാന്‍ സാധിക്കും. 1930 എംഎം നീളവും 770 എംഎം വീതിയും 1260 എംഎം ഉയരവും 1350 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 760 എംഎമ്മാണ് സീറ്റ് ഹൈറ്റ്. ഗ്രൗണ്ട് ക്ലിയറന്‍സ് 200 എംഎം. ബാറ്ററി ഉള്‍പ്പെടാതെ ആകെ ഭാരം 90 കിലോഗ്രാമാണ്. വൈറ്റ്, ബ്ലാക്ക്, റെഡ്, ഗ്രീന്‍, ബ്ലൂ, യെല്ലോ എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക