പേരാവൂര്‍: മുഴക്കുന്നില്‍ കടന്നല് കുത്തേറ്റ് തൊഴിലാളി മരിച്ചു. മുടക്കോഴി മൗവ്വഞ്ചേരി സ്വദേശി ബാബു ആണ് മരിച്ചത്. ബംഗ്ലക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് ചൊവ്വാഴ്ച രാവിലെ റബര്‍മരം മുറിക്കുന്നതിനിടെയായിരുന്നു കടന്നൽ കുത്തേറ്റത്.
മുറിച്ച മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഇളകി വന്ന കടന്നലുകള്‍ ബാബുവിനെയും ഒപ്പം ജോലി ചെയ്യുന്നവരെയും കുത്തുകയായിരുന്നു. കടന്നലിന്റെ ആക്രമണം ഉണ്ടായതോടെ തൊഴിലാളികള്‍ പലരും ചിതറിയോടി. മറ്റു നാലുപേര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ബാബു പിന്നിലായിപ്പോവുകയായിരുന്നു.
അവശനിലയിലായ ബാബുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കടന്നല്‍ക്കുത്തേറ്റ മറ്റു തൊഴിലാളികളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക