ബാഴ്സലോണ: ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനെ ബാഴ്സലോണ സ്വന്തമാക്കി . അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 926 കോടി രൂപയ്ക്ക് (120 മില്ല്യണ്‍ യൂറോ) അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഓരോ വര്‍ഷവും വേതനമായി ഗ്രീസ്മാന് 17 മില്ല്യണ്‍ യൂറോ ലഭിക്കും. അത്ലറ്റിക്കോയില് ലഭിച്ച 20 മില്ല്യണ്‍ യൂറോയേക്കാള്‍ കുറവാണിത്.
ബാഴ്സലോണയുമായുള്ള കരാര്‍ വേഗത്തിലാക്കാന്‍ ഗ്രീസ്മാന് പ്രീ സീസണില്‍ നിന്ന് വിട്ടുനിന്നിരുന്നു. താരത്തെ ബാഴ്സലോണ സ്വന്തമാക്കുന്നത് സംബന്ധിച്ച് അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അത്ലറ്റിക്കോ മാഡ്രിഡുമായി ഗ്രീസ്മാന് അഞ്ചു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്. എന്നാല്‍ ക്ലബ്ബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് താരം പരിശീലകന് ഡീഗോ സിമിയോണിയേയും ചീഫ് എക്സിക്യൂട്ടീവ് മിഗ്വെയ്ല് എയ്ഞ്ചലിനേയും സന്ദര്‍ശിക്കുകയായിരുന്നു.
റയല്‍ സൊസൈദാദില്‍ നിന്ന് 2014-ലാണ് ഗ്രീസ്മാന് അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ക്ലബ്ബിന്റെ പ്രധാന സ്ട്രൈക്കര്‍മാരിലൊരാളായി വളര്‍ന്ന താരം 2017-18ല്‍ യൂറോപ്പ ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിന് കിരീടം നേടിക്കൊടുത്തു.
അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രീസ്മാന് 133 ഗോള്‍ നേടുകയും 43 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക