ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് സംരംഭമായ എസ്യുവി കോനയെ വരവേൽക്കാൻ ഇന്ത്യൻ വിപണി. ജൂലായ് ഒമ്പതിന് വിപണിയിൽ അവതരിപ്പിച്ച വാഹനത്തിന് 120 ബുക്കിങ്ങുകളാണ് പത്ത് ദിവസത്തിനുള്ളിൽ ലഭിച്ചത്. ആദ്യവര്‍ഷം ഇന്ത്യയില്‍ കോനയുടെ 500 യൂണിറ്റ് എത്തിക്കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം അനായാസം കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. 25.3 ലക്ഷം രൂപയാണ് കോന ഇലക്ട്രിക് എസ്യുവിയുടെ ഇന്ത്യയിലെ വില. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ചെന്നൈയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് കോന ഇന്ത്യയിലെ നിരത്തുകളിലെത്തുന്നത്.
കോനയുടെ 39.2 kWh മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇത് 134 ബിഎച്ച്പി കരുത്തും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ വാഹനത്തിലെ ബാറ്ററി ഒമ്പതര മണിക്കൂറില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനും ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.പെട്രോള്‍, ഡീസല്‍ കോനയുടെ സമാനമായ ഡിസൈന്‍ ശൈലിയാണ് ഇലക്ട്രിക് കോനയും പിന്തുടരുന്നത്.
ഇക്കോ, ഇക്കോ പ്ലസ്, സ്പോര്‍ട്സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയിലുണ്ടാകും. എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയ്ക്കൊപ്പം ആറ് എയര്‍ബാഗും ഈ വാഹനത്തിന് സുരക്ഷയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക