ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തി. രാഹുലിന്റെ തിരിച്ചുവരവോടെ കോണ്‍ഗ്രസ് അധ്യക്ഷനെ അടുത്തയാഴ്ച തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.
അടുത്ത ആഴ്ച ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളില്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ തീയതി തീരുമാനിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ ചുരുക്കപ്പട്ടികയാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയതായാണ് വിവരം.
പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധി രാജിവച്ചതിന് ശേഷമാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. രാജി തീരുമാനം പിന്‍വലിക്കാന്‍ നേതൃതലത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും രാഹുല്‍ ഗാന്ധി തയ്യാറായില്ല. നെഹ്റു കുടുംബത്തില്‍നിന്ന് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ആരും വരേണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോഹ്റയെ തെരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക