തങ്ങളുടെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -നെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഓഗസ്റ്റ് 20 -ന് മോഡലിനെ ഇന്ത്യയില്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടയിലാണ് സൗത്ത് കൊറിയയില്‍ നിന്നുള്ള പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മൂടിപൊതിഞ്ഞതാണെങ്കിലും ലഭ്യമായ ചിത്രത്തില്‍ നിന്നും വാഹനത്തിന്റെ മുന്വശത്തെക്കുറിച്ചു മനസ്സിലാക്കാന്‍ സാധിക്കും. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും എല്‍ഇഡി ഫോഗ് ലാമ്പുകളും കൊണ്ട് മുന്‍ വശം സജ്ജീകരിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് എത്തുന്ന മോഡലില്‍ ഈ സവിശേഷതകള്‍ കമ്പനി ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂറോപ്പ് വിപണയില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -ന് സമാനമായ ഫോഗ് ലാമ്പുകളാണ് പുതിയ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായിട്ടാണ് ഈ ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഫ്ളൂയിഡിക് ശൈലിയിലുള്ള മുന്‍ ഗ്രില്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്കരിച്ച ഹെഡ്ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -ന്റെ സവിശേഷതകളായിരിക്കും.
വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD സംവിധാനം, പിന് പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എന്നിവ ഉണ്ടായിരിക്കും. നിലവിലുള്ള മോഡലിനേക്കാള്‍ വിലയില്‍ അല്‍പ്പം മാറ്റം വരാന്‍ സാധ്യതയുണ്ട്.
അടുത്തിടെയാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മാഗ്ന വകഭേദത്തില്‍ മാത്രം അവതരിക്കുന്ന പുതിയ ഗ്രാന്‍ഡ് i10 സിഎന്‍ജി മോഡലിന് 6.39 ലക്ഷം രൂപയാണ് ഷോറൂം വില. അതായത് സാധാരണ പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് സിഎന്‍ജി പതിപ്പിന് 67,000 രൂപ കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക