കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൻ താമരക്കുളവും ജനപ്രിയ കുടുംബ നായകൻ ജയറാമും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. അച്ചായൻസ് , ആടുപുലിയാട്ടം, തിങ്കൾ മുതൽ വെള്ളി വരെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച ഈ കൂട്ടുകെട്ടിന്റെ മികച്ചൊരു തിരിച്ചുവരവും കൂടാതെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം ഹാസ്യത്തിന്റെയും അഭിനയമികവിന്റെയും രസക്കൂട്ടിലൂടെ അവതരിപ്പിക്കുകയാണ് പട്ടാഭിരാമൻ എന്ന ചിത്രം.
മികച്ച പ്രേക്ഷകാഭിപ്രായം നേടി ജൈത്രയാത്ര തുടരുകയാണ് പട്ടാഭിരാമൻ എന്ന ഹെൽത്ത് ഓഫീസറും കൂട്ടരും. നമ്മുടെ ജീവിതവുമായി ഇഴകിച്ചേർന്ന നമ്മളിലൊരാളായി ജീവിക്കുന്ന കഥാപാത്രങ്ങളാണ് മിക്ക ജയറാം കഥാപാത്രങ്ങളും. അതുകൊണ്ടു തന്നെയാണ് ജയറാമെന്ന നടനോട് ഒരു പ്രത്യേക ഇഷ്ടം മലയാളികൾക്ക് തോന്നുന്നതും.
അതുപോലെ തന്നെയാണ് പട്ടാഭിരാമൻ എന്ന ഹെൽത്ത് ഓഫിസറും. ഭക്ഷണത്തിൽ ഒരു തരത്തിലുള്ള മായവും അനുവദിക്കാത്ത ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ഒരു അധികാരി. നമ്മൾ ദിവസവും ആസ്വദിച്ച് കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലുമൊക്കെ എത്രത്തോളം മായം കലർന്നിട്ടുണ്ടെന്നും ഇന്നത്തെ മലയാളികളുടെ ഭക്ഷണശീലങ്ങൾ ആരോഗ്യത്തിന് എത്രത്തോളം അപകടകരമാന്നെന്നും തുറന്നു കാണിക്കുകയാണ് പട്ടാഭിരാമൻ.
കഥയുടെ ഒഴുക്കിലും കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലും നിലവാരം പുലർത്തിക്കൊണ്ട് തിരക്കഥ രചനയിൽ വീണ്ടും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ദിനേശ് പള്ളത്ത്. അതിന്റെ ദൃശ്യവിഷ്കാരം കണ്ണൻ താമരക്കുളത്തിന്റെ കയ്യിൽ ഭദ്രം. നടിനടന്മാരെ തിരഞ്ഞെടുത്തതിലും ഒട്ടും തെറ്റുപറ്റിയിട്ടില്ലെന്നു അവരുടെ പ്രകടനത്തിലൂടെ നമുക്ക് മനസിലാക്കാം.
സ്ത്രീ കഥാപാത്രങ്ങളുടെ പ്രകടനം വളരെ മികച്ചു തന്നെ നിന്നു. എടുത്തു പറയേണ്ടത് ഷീലു എബ്രഹാം, മിയ എന്നിവരുടെ പ്രകടനമാണ്. പാർവതി നിരാശപ്പെടുത്തിയില്ല. ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന പോലെ ജയറാമിന്റെ കഥാപാത്രവും ബൈജുവിന്റെ കഥാപാത്രവും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് വളരെ സ്വാധീനം പുലർത്തി.
ചിത്രത്തിലെ നർമ്മരംഗങ്ങൾ ധർമ്മജന്റെയും ഹരീഷ് കണാരന്റെയും ബൈജുവിന്റെയും കൈകളിൽ ഭദ്രമായിരുന്നു.ചിരിയുടെ ഹിറ്റ് കൂട്ടുകെട്ടായിരുന്ന് ജയറാം-പ്രേംകുമാർ കൂട്ടുകെട്ടും നിരാശപ്പെടുത്തിയില്ല.
സസ്പെന്സിന്റെയും ട്വിസ്റ്റുകളുടെയും വഴികളിലൂടെ മുന്നോട്ട് പോകുന്ന കഥാഗതിയിൽ ഒരുപാട് താരങ്ങൾ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നുമുണ്ട്.എന്നാൽ കേന്ദ്ര കഥാപാത്രത്തിൽ നിന്നും ശ്രദ്ധ മാറിപ്പോവാതിരിക്കാനും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
എല്ലാം കൊണ്ടും നല്ല രീതിയിൽ കണ്ടുകൊണ്ടിരിക്കാവുന്ന നന്മയുള്ള ഒരു സിനിമ…അതാണ് പട്ടാഭിരാമൻ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും അഭിപ്രായം. എന്തായാലും ചിത്രം കണ്ടിറങ്ങുന്ന എല്ലാ പ്രേക്ഷകരും ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡ്ഡും കഴിക്കുന്നതിന് മുൻപ് ഒരു നിമിഷമെങ്കിലും ആലോചിക്കുമെന്നും മാറി ചിന്തിക്കുമെന്നും ഉറപ്പാണ്. അത് തന്നെയാണ് ഈ ചിത്രത്തിന് നൽകാനുള്ള ഏറ്റവും വലിയ സന്ദേശവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക