അത്തപ്പൂക്കളമൊരുക്കി മാവേലി മന്നനെ വരവേറ്റ് സ്വാദിഷ്ടമായ സദ്യയുമൊരുക്കി സീവുഡ്സ് മലയാളി സമാജം 18മത് വാർഷികവും ഓണാഘോഷവും നടത്തി.
സെപ്തംബർ 15 ന് നെരൂൾ അഗ്രി കോളി സംസ്കൃതി ഭവനിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ പ്രസിഡന്റ് എ.വി.അജയ്കുമാറിന്റെ അദ്ധ്യക്ഷതയിൽ സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഓണാഘോഷ കമ്മിറ്റി കൺവീനർമാർ, മഹിളാ വിഭാഗം കൺവീനമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മുംബൈയിലെ പ്രമുഖ സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു സീവുഡ്സ് മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങൾ.
വിവിധ സമാജങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഓണാഘോഷം പരസ്പര സഹകരണത്തിന്റേയും സൗഹാർദത്തിന്റെ പ്രതീകമായി.
അനുരാധ ശശികുമാർ കമ്മത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ നൃത്തനൃത്യങ്ങളും പി ധനരാജ് നയിച്ച സംഘഗാനങ്ങളും സുഷമ ഗോപിനാഥ് ഒരുക്കിയ മോഹിനിയാട്ടവും ഓണപ്പരിപാടികൾക്ക് മിഴിവേകി.
സമാജത്തിന്റെ 25 അംഗങ്ങൾ അഭിനയിച്ച “വൺസ് മോർ പ്ലീസ്” എന്ന ഒന്നര മണിക്കൂർ. ദൈർഘ്യമുള്ള നാടകവും വേദിയിൽ അരങ്ങേറി.
കുട്ടികളും മുതിർന്നവരും ഒരു പോലെ മത്സരിച്ചഭിനയിച്ച ആക്ഷേപഹാസ്യ നാടകം ഹൃദ്യമായ അനുഭവമായി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമാജം ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.
ചെണ്ടമേളത്തൊടൊപ്പം മഹാബലിയുടെ എഴുന്നള്ളത്തും ആർപ്പോ വിളിയും ചിട്ടയായി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക