തിരുവനന്തപുരം: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര തെളിയിച്ച കേരളാ പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. കേരളാ പൊലീസ് നടത്തിയ പ്രയത്നം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയില്‍ പറഞ്ഞു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ ഈ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ പൊലീസിനായെന്നും അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിന്ദിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.
ആറ് മരണങ്ങളുടെയും രീതി, അവ നടക്കുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ സ്ത്രീയുടെ സാന്നിധ്യം എന്നിവയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് നഷ്ടപ്പെട്ട അമ്പതിലേറെ കണ്ണികള്‍ കൂട്ടിയിണക്കി നടത്തിയ നീക്കങ്ങളിലൂടെയാണ് ഈ കേസ്സ് തെളിയിച്ചത്. കേസന്വേഷണത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് എന്ന് കേരള പൊലീസ് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. പതിനാറ് വര്‍ഷത്തിനുളളില്‍ ആറ് പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണ്. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക