കൊച്ചി: ഗൂഗിളിന്റെ പിക്സല്‍ 4, പിക്സല്‍ 4 എക്സ്.എല്‍ സ്മാര്‍ട്ഫോണുകള്‍ അമേരിക്കന്‍ വിപണിയിലെത്തി. പിക്സല്‍ 4ലെ അത്യാധുനിക ഫീച്ചറുകള്‍ ഇന്ത്യയില്‍ ‘ഉപയോഗിക്കാനാവില്ല” എന്നതിനാൽ ഈ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കില്ലെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയുടെ ട്വിറ്റര്‍ പോസ്റ്റിന് താഴെ പിക്സല്‍ ആരാധകരുടെ പ്രതിഷേധത്തിന് വഴിവെച്ചു.
പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നിരയിലേക്കാണ് പുതിയ മോഡലുകള്‍ എത്തിയിരിക്കുന്നത്. പിക്സല്‍ 4ന്റെ മുന്‍ഭാഗത്ത് ഫേസ് അണ്‍ലോക്ക് ക്യാമറകള്‍ക്കൊപ്പം പ്രോജക്ട് സോലി – മോഷന്‍ സെന്‍സെ് റഡാര്‍ ചിപ്പുണ്ട്. 60 ജി.എച്ച്.ഇസഡ് എം.എം വേവ് ഫ്രീക്വന്‍സി ബാന്‍ഡിലാണ് ഇതിനു പ്രവര്ത്തികാനാകുക. ഇന്ത്യയില്‍, കേന്ദ്രസര്‍ക്കാര്‍ 60 ജി.എച്ച്.ഇസഡ് ബാന്‍ഡ്വിഡ്ത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാനായി അനുവദിച്ചിട്ടില്ല. പിക്സല്‍ 4, പിക്സല്‍ 4 എക്സ്.എല്‍ എന്നിവയില്‍ പിന്‍ഭാഗത്ത് ഫിംഗര്‍ പ്രിന്റ് സ്കാനറില്ല. അതുകൊണ്ട്, പ്രോജക്ട് സോളിയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫോണ്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാനുമാകില്ല.
5.7 ഇഞ്ച് വലുപ്പമുള്ള 1080 പിക്സല്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് പിക്സല്‍ 4ന്. 6.3 ഇഞ്ച് വലുപ്പമുള്ള 2കെ ഒഎല്‍ഇഡി സ്ക്രീനാണ് പിക്സല്‍ XLന്റേത്. പിന്നില്‍ 12.2 എം.പിക്കൊപ്പം 16 എം.പി 2 എക്സ് ടെലിഫോട്ടോ ലെന്‍സ്, മുന്നില്‍ എട്ട് എം.പി ക്യാമറ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍, 6ജിബി റാം, 64/128 ജിബി റോം, ഫാസ്റ്റ് ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് 10 ഒ.എസ്., നെക്സ്റ്റ് ജെന്‍ ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയാണ് പുത്തന്‍ പിക്സലിന്റെ മറ്റു മികവുകള്‍.
പിക്സല്‍ 4ന്റെ ഏകദേശവില 57,000 രൂപയും പിക്സല്‍ 4 XLന്റെ വില 64,000 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക