വാളയാര്‍ കേസില്‍ ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപിയുടെ നീതി രക്ഷാ യാത്ര.
വാളയാര്‍ അട്ടപ്പള്ളത്ത് നിന്ന് വൈകിട്ട് മൂന്നുമണിക്ക് തുടങ്ങുന്ന മാര്‍ച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാര്‍, പുതുശേരി പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ നാളെ കളക്ടറേറ്റിനു മുമ്പില്‍ സമാപിക്കും. ആദ്യ ദിനത്തിലെ സമാപന യോഗത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി സംസാരിക്കും.
അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യാഗ്രഹം തുടരുകയാണ്. അട്ടപ്പളം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സമരം. സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക