മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടുകയാണ് സഫ ഫെബിന്. കരുവാരക്കുണ്ട് കിഴക്കേത്തല മദ്രസയിലെ കുഞ്ഞുമൊയ്ദീന്‍ ഉസ്താദിന്റെയും സാറായുടെയും മകളായ സഫ നിലമ്ബൂര്‍ കരുവാരകുണ്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
https://youtu.be/LEJRBaMk3a4
സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് വയനാട് എംപിയായ രാഹുല്‍ ഗാന്ധി എത്തിയത്. കെ.സി.വേണുഗോപാലായിരുന്നു രാഹുലിന്റെ പ്രസംഗം തര്‍ജമ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി സദസിലേക്ക് നോക്കി ആരെങ്കിലും തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുമോയെന്ന് പെട്ടെന്ന് ചോദിച്ചു. രാഹുലിന്റെ ചോദ്യം കേട്ടതും സഫ കൈ ഉയര്‍ത്തി. ഉടന്‍ തന്നെ സഫയോട് വേദിയിലേക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെട്ടു. വേദിയിലെത്തിയ സഫ ഇംഗ്ലീഷിലുളള രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുക എന്ന ഉത്തരവാദിത്തം വളരെ ഭംഗിയായി നിര്‍വഹിച്ചു.
തന്റെ മുന്നിലിരിക്കുന്നത് വിദ്യാര്‍ഥികളായതിനാല്‍ വളരെ ലളിതമായ ഭാഷയാണ് രാഹുല്‍ ഉപയോഗിച്ചത്. അത്രത്തോളം ലളിതമായി തന്നെ രാഹുലിന്റെ പ്രസംഗം സഫ മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. വലിയ കയ്യടിയോടെയാണ് സഫയുടെ പരിഭാഷയെ സഹപാഠികള്‍ സ്വീകരിച്ചത്. സഫയുടെ പരിഭാഷയില്‍ രാഹുല്‍ ഗാന്ധിയും തൃപ്തനായി. പ്രസംഗശേഷം ചോക്ലേറ്റ് നല്‍കിയാണ് രാഹുല്‍ ഗാന്ധി സഫയോടുള്ള നന്ദി അറിയിച്ചത്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് ചോക്ലേറ്റ് സ്വീകരിച്ച ശേഷം വേദിയില്‍ നിന്ന് താഴേക്ക് ഇറങ്ങുമ്ബോള്‍ സന്തോഷത്താല്‍ സഫ ചിരിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക