മലയാളചലച്ചിത്രരംഗത്തെ നായകനടന്മാരില് ഒരാളാണ് ജയറാം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ജയറാം ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്. കൊച്ചിന് കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ജയറാം 1988-ല്‍ പദ്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്.
ഒരു ചെണ്ട വിദ്വാന് കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി. 2011ല്‍ പത്മശ്രീ ബഹുമതിക്കര്‍ഹനായി.
ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുന്‍നിര നായികയായിരുന്ന പാര്‍വ്വതിയാണ് ജയറാമിന്റെ ഭാര്യ. മകന് കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരന് മലയാറ്റൂര്‍ രാമകൃഷ്ണന്റെ അനന്തരവന് കൂടിയാണ് ജയറാം.
ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ജയറാം, കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയില്‍, ജില്ലാതലത്തില്‍ ധാരാളം പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കലാജീവിതത്തില്‍ സജീവമാകാന്‍ ജയറാമിനെ പ്രേരിതനാക്കി.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം കലാഭവനില്‍ ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജന് ജയറാമിനെ പരിചയപ്പെടുന്നതും തന്റെ അപരന് എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടര്‍ന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു.
തുടക്കത്തില്‍ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകര്‍ഷിച്ചതുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം (1988), മഴവില്‍ക്കാവടി (1989), കേളി (1991). തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. സത്യന് അന്തിക്കാട്, രാജസേനന് തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങള്‍, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങള്‍ ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ചിലതാണ്.
കമലഹാസനുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.
പിറന്നാൾ ആശംസകളോടെ റിയൽ ന്യൂസ് കേരള…
പ്രതികരിക്കാൻ ഇവിടെ എഴുതുക