യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്സ് ഇന്ത്യ വാങ്ങുന്നതിനായി ഉബെറുമായി സൊമാറ്റോ ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും.
എന്നാല്‍, ഇക്കാര്യത്തില്‍ യൂബര്‍ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ചു പ്രതികരിക്കുന്നില്ലെന്നാണ് സോമാറ്റോയുടെ വാദം. ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സ് വില്ക്കാന് യൂബര്‍ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍, ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതായി സൂചനയുണ്ടായിരുന്നു.
എന്നാല്‍, ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്ത വന്നതോടെയാണ് സൊമാറ്റോ കച്ചവടത്തില്‍ മുന്നിലെത്തിയത്.യൂബര്‍ ഈറ്റ്സ് ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടത്തിലാണ് . നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കന്‍ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ്സ് ഗ്രാബിന് വിറ്റു. ഇടപാടിന്റെ ഭാഗമായി യൂബറിന് ഗ്രാബില്‍ 27.5 ശതമാനം ഓഹരി ലഭിച്ചു. ഇപ്പോള്‍, സോമാറ്റോയും സ്വിഗ്ഗിയുമായും മത്സരിക്കുന്ന ഇന്ത്യന്‍ ഭക്ഷ്യ വിതരണ സേവനത്തില്‍ നിന്നും പിന്മാറാനുള്ള ശ്രമത്തിലാണ് യൂബര്‍ എന്നും റിപ്പോർട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക