ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാരിന്റെ സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സെറ്റ് ഫെബ്രുവരി 2020 ന്റെ പ്രോസ്പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദ്ദേശം പ്രോസ്പെക്ടസില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in.
ബിരുദാനന്തരബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്റ്റിറ്റിസി, ഡിഎല്‍ഇഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി/ എസ്.ടി വിഭ്ഗത്തില്പ്പെടുന്നവര്ക്ക് മാത്രം ബിരുദാനന്തരബിരുദത്തിന് 45% മാർക്ക് മതി.
പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 28 മുതല്‍ ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം. ജനറല്‍/ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും എസ്.സി/ എസ്.ടി/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പാസ്സാകുന്നപക്ഷം ഹാജരാക്കണം. ഒ.ബി.സി നോണ്‍ക്രീമീലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല് (2018 ഡിസംബര്‍ 29നും 2020 ജനുവരി 10നും ഇടയില്‍ ലഭിച്ചതായിരിക്കണം), എസ്.സി/ എസ്.ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പാസ്സാകുന്നപക്ഷം ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക