ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ തെരുവിലൂടെ നടന്ന് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ഛപാകിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നായിക ദീപിക ആസിഡ് ഇരകള്‍ക്കൊപ്പം നടന്നത്
പ്രമോഷന് പരിപാടികളുടെ ഭാഗമായി ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ തെരുവിലൂടെ നടന്ന് ദീപിക- വീഡിയോ . ‘ചപകി’ലെ ആസിഡ് ആക്രമണത്തിനിരയായ മാല്‍തി എന്ന കഥാപാത്രമായി അതേ ഗെറ്റപ്പിലാണ് ദീപിക എത്തിയത്.
രഹസ്യ ക്യാമറകള്‍ വച്ച് ഷൂട്ട് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയ ദീപിക മൊബൈല്‍ ഷോപ്പിലെത്തി ഒരു സ്ത്രീയോട് സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ സന്തോഷത്തോടെ തയ്യാറാവുകയും ചെയ്തു. തുടര്‍ന്ന് പലചരക്ക് കടയിലെത്തിയ ഇവരെ സഹായിക്കാന്‍ ചിലര്‍ വിസമ്മതിച്ചു. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയിലെത്തിയ ദീപികയില്‍നിന്ന് ഒരു സ്ത്രീ മക്കളെ മറയ്ക്കുന്നതും സഹായം അഭ്യര്‍ഥിച്ചപ്പോള്‍ മറ്റൊരാള്‍ ദേഷ്യത്തോടെ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ചില പെണ്‍കുട്ടികളും യുവാക്കളും വെറുപ്പോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.
‘കണ്മുന്നില് നടക്കുന്ന, നമ്മള് മനസ്സിലാക്കാത്ത ഒട്ടേറെ കാര്യങ്ങളിലൂടെയാണ് ഞാനിന്ന് കടന്നുപോയത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകലാണ് പ്രധാനം’ ദീപിക വീഡിയോയില്‍ പറഞ്ഞു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക