മലയാളികളായ എട്ടു വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച വിവരം വാര്‍ത്താ മാധ്യമങ്ങളില്‍ വായിച്ചു കാണുമല്ലോ? മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് എന്ന നിശബ്ദ കൊലയാളി എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്താണ് കാര്‍ബണ്‍ മോണോക്സൈഡ്? എങ്ങിനെയാണ് കാര്‍ബണ്‍ മോണോക്സൈഡ് അപകടകാരി ആകുന്നത്. അപകടം ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം എന്നതാണ് ഇവിടെ പറയുന്നത്.
എന്താണ് കാര്‍ബണ്‍ മോണോക്സൈഡ്?
പേര് സൂചിപ്പിക്കുന്ന പോലെ, കാര്‍ബണും, ഓക്സിജനും ചേര്‍ന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ് (Carbon monoxide). തന്മാത്രാ ഭാരം 28.01 g/mol ആണ്. കുറഞ്ഞ അളവില്‍ പോലും വളരെ മാരകമായ ഒരു വാതകമായതിനാല്‍ ഇതിനെ പലപ്പോളും ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കാറുണ്ട്.
എങ്ങിനെയാണ് കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാവുന്നത്?
വാതക, ദ്രാവക, ഖര ഇന്ധനങ്ങള്‍ കത്തുമ്ബോള്‍ താപ-പ്രകാശ ഊര്‍ജ്ജം ഉണ്ടാവുന്നു എന്ന് സ്കൂളില്‍ പഠിച്ചത് ഓര്‍മ്മിക്കുമല്ലോ? സാധാരണയായി ഓക്സിജന്റെ സാന്നിധ്യത്തില്‍ ഇന്ധനം കത്തുമ്ബോള്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷന് ആണ് ഇവിടെ കൊടുക്കുന്നത് (Fuel + O2 ? CO2 + H2O).
അതായത് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കൂടെ കാര്‍ബണ്‍ ഡൈഓക്സൈഡും, ജല ബാഷ്പവും ഉണ്ടാവും. എന്നാല്‍ പൂര്‍ണ്ണമായ ജ്വലനം നടക്കാത്തപ്പോള്‍, അല്ലെങ്കില്‍ കത്തല് പ്രക്രിയ പൂര്‍ണ്ണമാകാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്സൈഡ് (Carbon monoxide) കൂടെ ഉണ്ടാവും. പൂര്‍ണ്ണമായ ജ്വലനം നടക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടാവാം. ഉദാഹരണത്തിന്, ഒരു ക്ലോസ്ഡ് ആയ സിസ്റ്റത്തില്‍ ഉള്ള ഓക്സിജന്‍ ഭൂരി ഭാഗവും ഉപയോഗിച്ചു കഴിഞ്ഞാല്‍ ജ്വലനം പൂര്‍ണ്ണമാവില്ല, കൂടാതെ കേടു വന്നതും, കാലപ്പഴക്കം ഉള്ളതുമായ ഉപകരണങ്ങളില്‍ ജ്വലനം നടക്കുമ്ബോളും അപൂര്‍ണ്ണമായ ജ്വലനം നടക്കാം.
മരണം സംഭവിക്കുന്നത് എങ്ങനെ:
ശ്വസിക്കുമ്പോള്‍ ഓക്സിജനിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. രക്തത്തിലെ അരുണ രക്താണുക്കള്‍ ശരീരത്തിലെത്തുന്ന കാര്‍ബണ്‍ മോണോക്സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് അപകടം സംഭവിക്കുക.
ശ്വാസത്തിലെ ഓക്സിജനെ ആഗിരണം ചെയ്യുന്നതിലും വേഗത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിനെ ചുവന്ന രക്താണുക്കള്‍ വഹിച്ചു കൊണ്ട് സഞ്ചരിക്കുന്നതാണ് ഇതിന് കാരണം.
ഇതോടെ ശരീരത്തില്‍ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാള്‍ അബോധാവസ്ഥയിലേക്ക് നീങ്ങും.
അടച്ചിട്ട മുറികള്‍ക്കുള്ളിലോ വാഹനങ്ങള്‍ക്കുള്ളിലോ കാര്‍ബണ്‍ മോണോക്സൈഡ് ലീക്കാവുമ്പോള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. ഉറക്കത്തിനിടയില്‍ നിരവധി പേരുടെ മരണത്തിന് കാരണമായത് കാര്‍ബണ്‍ മോണോക്സൈഡെന്ന നിശബ്ദ കൊലയാളിയാണ്.
ഹീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ കൃത്യമായ സമയത്ത് അറ്റകുറ്റ പണികള്‍ നടത്തിയും, കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ച കണ്ടെത്തുന്ന അലാമുകള്‍ ഘടിപ്പിച്ചും വാതക ചോര്‍ച്ച കൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാം.
കൂടിയതോതില്‍ ഈ വാതകം ശരീരത്തിനുള്ളില്ച്ചെന്നാല് ബോധക്ഷയം സംഭവിക്കും. മിനിറ്റു മതി ഇതിന് ശരീരത്തെ മരണാസന്നമാക്കാന്‍. വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതില്‍ താമസം നേരിട്ടാല്‍ മരണം സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക