കായംകുളം: ആദ്യമായി ജയിലിൽ അടയ്ക്കപ്പെടുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരിക്കും വെള്ളാപ്പള്ളി നടേശനെന്നു സുഭാഷ് വാസു പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന കൗൺസിലിൽ തന്നോടൊപ്പം നിൽക്കുന്നവരുടെ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘90 ദിവസത്തിനകം വെള്ളാപ്പള്ളിയെയും മകനെയും ജയിലിലാക്കും. വ്യത്യസ്ത മതങ്ങളിൽ പെട്ടവരുടെ വലിയ കൂട്ടായ്മയായിരുന്നു ബിഡിജെഎസ്. അതിനെ പുകമറയാക്കി ഇവർ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയായിരുന്നു.
അപ്രസക്ത മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി സിപിഎമ്മുമായി ചേർന്ന് ഗൂഢതന്ത്രം പയറ്റി. ഇതിനായി എല്ലാ ശാഖാ യോഗങ്ങളെയും ഉപയോഗിച്ചു. എൻഡിഎ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു.
പത്തനംതിട്ടയിൽ സുരേന്ദ്രനെ തോൽപിക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ ഉപയോഗിച്ചു. അരൂരിൽ ആരിഫിനെ ജയിപ്പിക്കാൻ നടത്തിയ കളിയും കേട്ടുകേൾവിയില്ലാത്തതാണ്.
ഔദ്യോഗികമായി ഞാനാണ് ബിഡിജെഎസ് പ്രസിഡന്റ്. സംസ്ഥാന കൗൺസിലിലെ 11 അംഗങ്ങളിൽ 10 പേരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. തലയും കുത്തി നിന്നാലും തുഷാറിന് ബിഡിജെഎസ് പിടിച്ചടക്കാൻ പറ്റില്ല.
എൻഡിഎ കൺവീനർ സ്ഥാനത്തുനിന്നു തുഷാറിനെ ഒഴിവാക്കി ബി.സുരേഷ് ബാബുവിനെ നിയോഗിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനു കത്തു നൽകി. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സമൂഹത്തിലെ ഉന്നതനായ വ്യക്തിയെ സ്ഥാനാർഥിയാക്കി ജയിപ്പിക്കും.
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ അടുത്ത മാസം 6നു വെളിപ്പെടുത്തും.
ചങ്ങനാശേരിയിലെ പെൺകുട്ടിയുടെ മരണവും അന്വഷിക്കും. ദുഷിച്ചതിനോടൊപ്പം ചേർന്നു നിന്ന ദുർഗന്ധം മാത്രമേയുള്ളൂ. അതു മാറ്റി സുഗന്ധം പരത്താനുള്ള അവസരമാണ് കൈവന്നത്.
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജി വയ്ക്കില്ല. തുഷാറിന് വേണമെങ്കിൽ ബിഡിജെഎസ് (വികെ– വെള്ളാപ്പള്ളി കുടുംബം) എന്ന പേരിൽ പുതിയ പാർട്ടി തുടങ്ങാം’ എന്നും സുഭാഷ് വാസു പറഞ്ഞു.