തിരുവനന്തപുരം: ആയൂര്‍വേദ ഔഷധങ്ങളായ അത്തി, അരയാല്‍, പേരാല്‍, ചന്ദനം, രാമച്ചം, നന്നാറി (നറുനീണ്ടി) തുടങ്ങിയവ ചേര്‍ത്ത് പാകപ്പെടുത്തിയ ഉരുക്ക് വെളിച്ചെണ്ണയായ ബേബി കെയര്‍ ഓയില്‍, കേര ഫോര്‍ട്ടിഫൈഡ് വെളിച്ചെണ്ണ എന്നീ പുതിയ ഉല്പന്നങ്ങള് കേരഫെഡ് പുറത്തിറക്കി. ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം പ്രസ്ക്ലബ് ടി.എന്‍.ജി ഹാളില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു.
അടുത്ത മാസത്തോടെ കേരളത്തിലെ വ്യാജ വെളിച്ചെണ്ണ വില്പന പൂര്‍ണമായും നിരോധിക്കാനുള്ള നടപടിയിലാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ അനുമതിയുള്ള വെളിച്ചെണ്ണ ഉല്പന്നങ്ങള് മാത്രമേ ഇനി മുതല്‍ വില്ക്കാന് അനുവദിക്കൂ. പൊതുമേഖലാ സ്ഥാപനങ്ങളുടെ പായ്ക്കിംഗ് അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
140 കോടി രൂപയില്‍ നിന്ന് 320 കോടി രൂപയുടെ വിറ്റാദായത്തിലേക്കെത്താന്‍ കേരഫെഡിനായിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കുട്ടികളിലുണ്ടാകുന്ന അലര്‍ജി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ അകറ്റി ചര്‍മ്മ സംരക്ഷണത്തിനും ഉഷ്ണ രോഗങ്ങളില്‍ നിന്നും ത്വഗ് രോഗങ്ങളില്‍ നിന്നും ചെറുക്കാന്‍ സഹായിക്കുന്നതാണ് ബേബി കെയര്‍ ഓയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക