കണ്ണുകൾ കഥ പറയുമെന്ന് കവിഭാവന. കണ്ണുകളെ മനോഹരമാക്കാനും ചെറിയ കണ്ണുകൾക്ക് വലിപ്പം കൂട്ടാനുമൊക്കെ ഐ മേക്കപ്പിലൂടെ സാധിക്കും. നല്ല കൺമഷി തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. കണ്ണിന്റെ ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്ക് കൺമഷിക്കുണ്ട്. ഉപയോഗിക്കാൻ എളുപ്പത്തിൽ വിവിധതരം ഐലൈനറുകൾ ഇന്ന് ലഭ്യമാണ്. അതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് വേണം കണ്ണെഴുതേണ്ടത്.
പാർട്ടിക്കു പോകുന്നതുപോലെയുള്ള മേക്കപ്പ് ഒരിക്കലും ഓഫീസിൽ പോകുമ്പോൾ ചെയ്യരുത്. അത് ഭംഗിയേക്കാൾ കൂടുതലായി അഭംഗിയാകും ഉണ്ടാക്കുക. ദിവസവുമുള്ള മേക്കപ്പിന് കണ്ണുകളിൽ കട്ടിയ്ക്ക് ഐലൈനർ വരയ്ക്കേണ്ടതില്ല. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കുറച്ച് കട്ടിയായി തന്നെ കണ്ണുകൾ ഒരുക്കണം. മുകളിൽ വരയ്ക്കുന്നതു പോലെ തന്നെ കണ്ണിന് താഴെയും കൺമഷി എഴുതാൻ മറക്കരുത്.
ചർമ്മത്തിന്റെ നിറത്തിന് ഇണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാൻ.
ഓഫീസിൽ പോകുമ്പോൾ ഐഷാഡോ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചാൽ പോലും വളരെ നേർമയിൽ ഇളം കളറുകൾ വേണം പുരട്ടേണ്ടത്. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കണ്ണുകളെ കൂടുതൽ ആകർഷകമാക്കാൻ ഐഷാഡോ നിർബന്ധമായും ഉപയോഗിക്കണം. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക. പിന്നീട് ആവശ്യമെങ്കിൽ വിവിധ വർണങ്ങൾ നൽകാം. തിരഞ്ഞെടുക്കുന്ന നിറങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിനിണങ്ങുന്ന നിറവും മുഖത്തിന് ചേരുന്ന മേക്കപ്പും വേണം തിരഞ്ഞെടുക്കേണ്ടത്. പാർട്ടിക്കു പോകുമ്പോഴാണെങ്കിൽ വസ്ത്രത്തിനിണങ്ങുന്ന നിറത്തിലുള്ള ഐഷാഡോ തന്നെ ഉപയോഗിക്കുക.
കണ്ണുകൾ ആകർഷകമാക്കുന്നതിന് കൺപീലികൾക്ക് വളരെ ശ്രദ്ധ നൽകണം.അതിന് മസ്കാര വളരെയധികം സഹായിക്കും. കണ്ണുകൾ കൂടുതൽ വലുതും തിളക്കമുള്ളതുമാക്കാൻ മസ്കാര എഴുതുന്നതിലൂടെ സാധിക്കും.മാത്രവുമല്ല, കണ്ണുകൾക്ക് കൂടുതൽ കറുപ്പും തോന്നിക്കും. കൺപീലിയുടെ അഴകിന് പ്രധാനമായും ഉപയോഗിക്കേണ്ടതാണ് മസ്കാര. കണ്ണിന് പ്രത്യേകമായ ഒരെടുപ്പ് നൽകാൻ മസ്കാരയ്ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക